/sathyam/media/media_files/2025/10/21/gbv-2025-10-21-03-01-13.jpg)
ടെല്‍ അവീവ്: ഇസ്രയേല്‍നിയന്ത്രിത പ്രദേശത്തേക്ക് ഹമാസ് വെടിവെച്ചെന്ന് ആരോപിച്ച് റാഫയുള്‍പ്പെടെ ഗാസയില്‍ പലയിടത്തും ഇസ്രയേല്‍ സൈന്യം ഞായറാഴ്ച നടത്തിയ ആക്രമണത്തില്‍ 18 പേര്‍ മരിച്ചു. രണ്ട് ഇസ്രയേല്‍ സൈനികരും മരിച്ചു. ഒരാഴ്ച മുന്‍പ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷമുള്ള ആദ്യ വലിയ ആക്രമണമാണിത്.
ഈ സംഭവത്തിനു പിന്നാലെ, ഗാസയിലേക്കു സഹായമെത്തിക്കുന്ന പാതകളെല്ലാം അടയ്ക്കാന്‍ ഇസ്രയേല്‍ ഉത്തരവിട്ടു. ഹമാസ് വെടിനിര്‍ത്തല്‍ ക്കരാര്‍ ലംഘിച്ചതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുംവരെ ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ കടത്തിവിടില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിക്കുന്നവര്‍ക്കുനേരേ കടുത്ത നടപടിയെടുക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തോട് നിര്‍ദേശിച്ചിരുന്നു. സംഘര്‍ഷവുമായി ഒരു ബന്ധവുമില്ലെന്നാണ് ഹമാസിന്റെ നിലപാട്.
ആക്രമണങ്ങള്‍ക്കുശേഷം കരാര്‍ പ്രാബല്യത്തില്‍ വന്നതായി ഇസ്രയേല്‍ സൈന്യം പിന്നീട് അറിയിച്ചു. ഹമാസ് കരാര്‍ ലംഘിച്ചതുകൊണ്ടാണ് ആക്രമണം നടത്തിയത്. ഇത് തുടര്‍ന്നാല്‍ ഇനിയും ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യം പ്രതികരിച്ചു. അതിനിടെ, ഗാസയ്ക്കും ഈജി പ്ലിനും ഇടയിലുള്ള റാഫ അതിര്‍ത്തി ഉടന്‍ തുറക്കില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു.
കരാര്‍ ഹമാസ് പാലിക്കുമോ എന്നു നോക്കിയ ശേഷമേ അതു തുറക്കുന്ന കാര്യം പരിഗണിക്കൂവെന്ന് നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. ഗാസയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്ന പലസ്തീന്‍കാര്‍ക്കായി തിങ്കളാഴ്ച റാഫ ഇടനാഴി തുറന്നുകൊടുക്കുമെന്ന് ഈജിപ്തിലെ പലസ്തീന്‍ സ്ഥാനപതികാര്യാലയം പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം എട്ടുദിവസത്തിനിടെ 47 തവണയാണ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന് ഗാസാ അധികൃതരും ആരോപിച്ചിട്ടുണ്ട്