സ്‌പെയിനിലെ കിഴക്കന്‍ വലന്‍സിയ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 95 പേര്‍ മരിച്ചു. കനത്ത മഴയും കാറ്റും സ്പെയിനിന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
വലന്‍സിയയിലെ ആശയ വിനിമയ വഴികളെല്ലാം പൂര്‍ണമായും അടഞ്ഞു. പല പ്രദേശങ്ങളിലും വൈ ദ്യുതിയില്ലാത്തതിനാല്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. റോഡുകളെല്ലാം പുഴയ്ക്ക് സമാനമായ രീതിയിലാണ്.
അതേസമയം രക്ഷാപ്രവര്‍ത്തനം ശക്തമാക്കാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് എമര്‍ജന്‍സി മിലിട്ടറി റെസ്‌പോണ്‍സ് യൂണിറ്റുകളെ അയച്ചതായി വലന്‍സിയ മേഖലയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി പിലാര്‍ ബെര്‍ണബെ പറഞ്ഞു.
ഹെലികോപ്റ്ററുകളുടെ പിന്തുണയോടെ ആയിരത്തിലധികം സൈനികരെ വിന്യസിച്ചതായി പ്രതിരോധ മന്ത്രി മാര്‍ഗരിറ്റ റോബിള്‍സും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.1996 ശേഷം ആദ്യമായാണ് ഇത്തരമൊരു പ്രളയക്കെടുതിയിലേക്ക് സ്പെയിന്‍ നീങ്ങിയത്.