ജനീവ: കോവിഡിനു സമാനമാണ് എച്ച്എംപി വൈറസ് എന്ന ആശങ്ക തള്ളി ലോകാരോഗ്യ സംഘടന. ശൈത്യകാലത്ത് സാധാരണ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള പകര്‍ച്ചവ്യാധി മാത്രമാണിതെന്നും, ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ചൈനയില്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ എച്ച്എംപിവി പടരുന്നത് ആശങ്ക വളര്‍ത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം. സീസണല്‍ ഇന്‍ഫ്ലുവന്‍സ, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (ആര്‍എസ്വി), ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി), മൈകോപ്ളാസ്മ ന്യുമോണിയ തുടങ്ങിയവ അപകടകാരികളല്ലാത്ത സ്ഥിരം ശൈത്യകാല രോഗങ്ങളാണെന്നും വിശദീകരണം.
അപൂര്‍വം ചില കേസുകളില്‍ മാത്രമാണ് ബ്രോങൈ്കറ്റിസ്, ന്യുമോണിയ തുടങ്ങിയ രോഗങ്ങളിലേക്ക് ഇവ എത്തുന്നത്. എന്നാല്‍, ഇത്തവണ അത്തരം അസാധാരണ വ്യാപനം ആഗോളതലത്തില്‍ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈനയില്‍ എച്ച്എംപിവി വ്യാപകമായി പടരുന്നുവെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നുമുള്ള സമൂഹമാധ്യമ റിപ്പോര്‍ട്ടുകളും ലോകാരോഗ്യസംഘടന തള്ളി.