ന്യൂയോര്‍ക്ക്: യുഎസില്‍ കനത്ത നാശം വിതച്ച് ഹെലിന്‍ ചുഴലിക്കാറ്റ്. ദശലക്ഷക്കണക്കിന് ആളുകള്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. കനത്ത കാറ്റില്‍ റോഡുകളും പാലങ്ങളും നശിക്കുകയും ഫ്‌ലോറിഡയില്‍ നിന്ന് വിര്‍ജീനിയ വരെ വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്തു. ചുഴലിക്കാറ്റില്‍ മരണസംഖ്യ 100 ആയി ഉയര്‍ന്നു.
മഴയും കൊടുങ്കാറ്റും മൂലം നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, ജോര്‍ജിയ, ഫ്‌ലോറിഡ, ടെന്നസി, വിര്‍ജീനിയ എന്നിവിടങ്ങളില്‍ 90 പേരെങ്കിലും കൊല്ലപ്പെട്ടതായി സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരുടെ കണക്കുകള്‍ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രദേശത്തു നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നുണ്ട്. മേഖലയിലുടനീളമുള്ള സെല്‍ഫോണ്‍ ടവറുകള്‍ തകര്‍ന്നതിനാല്‍ നൂറുകണക്കിന് ആളുകള്‍ക്ക് ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്താനാകുന്നില്ല.
ചുഴലിക്കാറ്റ് ജലസംവിധാനങ്ങള്‍, വാര്‍ത്താവിനിമയം, നിര്‍ണായക ഗതാഗതമാര്‍ഗ്ഗങ്ങള്‍ എന്നിവയെ ബാധിച്ചതിനാല്‍ നാശനഷ്ടം 15 ബില്യണ്‍ ഡോളര്‍ മുതല്‍ 100 ബില്യണ്‍ ഡോളറിലധികം വരുമെന്നാണ് റിപ്പോര്‍ട്ട്.
നോര്‍ത്ത് കരോലിനയില്‍ സംഭവിച്ച മിക്കവാറും എല്ലാ മരണങ്ങളും ബങ്കോംബ് കൗണ്ടിയില്‍ നിന്നായിരുന്നു, അവിടെ 30 പേര്‍ മരിച്ചതായി ഷെരീഫ് ക്വെന്റിന്‍ മില്ലര്‍ മാധ്യമപ്രവര്‍ത്തകരുമായി ഒരു വീഡിയോ കോണ്‍ഫറന്‍സ് കോളില്‍ പറഞ്ഞു.