യുക്രെയ്‌ന് ഐ.എം.എഫിന്റെ കൈത്താങ്ങ്; 8.1 ബില്യൺ ഡോളറിന്റെ വായ്പയ്ക്ക് അംഗീകാരം

2022 ഫെബ്രുവരി 24-നാണ് റഷ്യ യുക്രെയ്നില്‍ അധിനിവേശം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ജീവഹാനിക്കും നാശനഷ്ടങ്ങള്‍ക്കും ഈ യുദ്ധം കാരണമായി

New Update
Untitled

വാഷിംഗ്ടണ്‍: റഷ്യന്‍ അധിനിവേശം നാല് വര്‍ഷം പിന്നിടുമ്പോള്‍ യുക്രെയ്ന് ആശ്വാസമായി അന്താരാഷ്ട്ര നാണയ നിധി. യുക്രെയ്നായി 8.1 ബില്യണ്‍ ഡോളറിന്റെ വായ്പാ പാക്കേജിനാണ് ഐ.എം.എഫ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗീകാരം നല്‍കിയത്. ഇതില്‍ ഏകദേശം 1.5 ബില്യണ്‍ ഡോളര്‍ ഉടനടി ലഭ്യമാകും.

Advertisment

യുദ്ധം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകരാതെ കാത്തുസൂക്ഷിക്കാനാണ് ഈ ധനസഹായം വിനിയോഗിക്കുക.


48 മാസത്തേക്കുള്ള ഈ കരാര്‍ പ്രകാരം യുക്രെയ്ന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും കടബാധ്യതകള്‍ കുറയ്ക്കാനും ഐ.എം.എഫ് ലക്ഷ്യമിടുന്നു. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടാനുള്ള യുക്രെയ്ന്റെ ശ്രമങ്ങള്‍ക്ക് സഹായകമാകുന്ന പരിഷ്‌കാരങ്ങള്‍ക്കും ഈ വായ്പ കരുത്ത് പകരും.

'നാല് വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന വിനാശകരമായ യുദ്ധത്തെ യുക്രെയ്നും അവിടുത്തെ ജനങ്ങളും അസാമാന്യമായ കരുത്തോടെയാണ് നേരിടുന്നത്,' എന്ന് ഐ.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ പ്രസ്താവനയില്‍ പറഞ്ഞു.


ലഭ്യമാകുന്ന ആദ്യഘട്ട ഫണ്ട് ബജറ്റ് കമ്മി നികത്തുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും ഉപയോഗിക്കുമെന്ന് യുക്രെയ്ന്‍ പ്രധാനമന്ത്രി യൂലിയ സൈ്വറിഡെങ്കോ ഫേസ്ബുക്കില്‍ കുറിച്ചു. ഊര്‍ജ്ജ മേഖലയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍, പങ്കാളികളില്‍ നിന്നുള്ള അന്താരാഷ്ട്ര സാമ്പത്തിക സഹായം രാജ്യത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.


2022 ഫെബ്രുവരി 24-നാണ് റഷ്യ യുക്രെയ്നില്‍ അധിനിവേശം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ജീവഹാനിക്കും നാശനഷ്ടങ്ങള്‍ക്കും ഈ യുദ്ധം കാരണമായി. യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ 10 ബില്യണ്‍ ഡോളറിലധികം സഹായം ഐ.എം.എഫ് യുക്രെയ്ന് നല്‍കിയിട്ടുണ്ട്.

അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച അടുത്ത ഘട്ട ചര്‍ച്ചകള്‍ മാര്‍ച്ച് ആദ്യവാരം അബുദാബിയില്‍ നടക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പ്രത്യാശ പ്രകടിപ്പിച്ചു.

Advertisment