ഇസ്ലാമാബാദ്: തടവിലാക്കപ്പെട്ട മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അനുയായികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഡസന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇസ്ലാമാബാദില്‍ സൈന്യത്തെ വിന്യസിച്ചു.
ഇമ്രാന്‍ഖാന്റെ ഭാര്യ ബുഷ്റ ബീബിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇസ്ലാമാബാദില്‍ എത്തിയപ്പോള്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയായിരുന്നു. ചൊവ്വാഴ്ച പ്രതിഷേധക്കാര്‍ ഡി-ചൗക്കിലേക്ക് മാര്‍ച്ച് പുനരാരംഭിക്കും.
പോലീസിന് നേരെ ആക്രമണങ്ങള്‍ നടന്നതിനൊപ്പം നിരവധി വാഹനങ്ങളും കത്തിച്ചു. ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു.
പിടിഐ തലവന്‍ ഇമ്രാന്‍ ഖാന്‍ ഞായറാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് അന്തിമ ആഹ്വാനം നല്‍കിയിരുന്നു. അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിക്കുന്നതിനുള്ള പ്രകടനങ്ങളില്‍ പങ്കുചേരാന്‍ പാര്‍ട്ടി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഖൈബര്‍-പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രി അലി അമിന്‍ ഗണ്ഡാപൂര്‍, ബുഷ്‌റ ബീബി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാര്‍ ഞായറാഴ്ച ഇസ്ലാമാബാദിലേക്ക് മാര്‍ച്ച് ആരംഭിച്ചത്.