അർജന്റീനയിൽ സന്ദർശനത്തിനു എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വെള്ളിയാഴ്ച്ച രാത്രി ബായ്നസ് ഏറിസിലെ അൽവിയർ പാലസ് ഹോട്ടലിൽ ഇന്ത്യൻ പ്രവാസി സമൂഹം ആവേശോജ്വലമായ സ്വീകരണം നൽകി. 'മോദി, മോദി,' 'ജയ്‌ഹിന്ദ്,' 'ഭാരത് മാതാ കീ ജയ്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഉയർന്നു.
പാരമ്പര്യ ശൈലിയിൽ പൂക്കൾ വർഷിച്ചാണ് അവർ മോദിയെ സ്വീകരിച്ചത്.
സാംസ്‌കാരിക ബന്ധങ്ങൾക്ക് ദൂരം തടസമല്ലെന്നു മോദി തനിക്കു ലഭിച്ച സ്വാഗതം ചൂണ്ടിക്കാട്ടി എക്‌സിൽ കുറിച്ചു. " ബായ്നസ് ഏറിസിൽ ഇന്ത്യൻ സമൂഹം നൽകിയ സ്നേഹം നിറഞ്ഞ സ്വീകരണം ഏറെ ആദരമായി. നാട്ടിൽ നിന്ന് ആയിരക്കണക്കിനു കിലോമീറ്റർ അകലെ ഇന്ത്യയുടെ ആവേശം ജ്വലിക്കുന്നത് കാണുന്നത് ഹൃദയത്തെ സ്പർശിക്കുന്നു."
സ്വീകരണത്തിൽ ഇന്ത്യയുടെ സംസ്കാരം തിളങ്ങുന്ന നൃത്ത നൃത്യങ്ങൾ ഉണ്ടായിരുന്നു.
പ്രവാസികളിൽ പലർക്കും മോദിയുമായി നേരിട്ടു സംസാരിക്കാൻ കഴിഞ്ഞതിന്റെ ആവേശമായിരുന്നു. പലരും ഓട്ടോഗ്രാഫ് ഒപ്പിട്ടു വാങ്ങി.
57 വർഷം കഴിഞ്ഞാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി അർജന്റീന സന്ദർശിക്കുന്നത്. എസീസ ഇന്റർനാഷണൽ എയർപോർട്ടിൽ അദ്ദേഹത്തിന് അർജന്റീന ഉജ്വല സ്വീകരണം ഒരുക്കിയിരുന്നു.
എക്‌സിൽ മോദി കുറിച്ചു: "ഉഭയകക്ഷി സന്ദർശനത്തിനു ബായ്നസ് ഏറിസിൽ എത്തി. പ്രസിഡന്റ് ഹവിയർ മിലിയെ കണ്ടു സംസാരിക്കാൻ ഞാൻ കാത്തിരിക്കയാണ്."
പ്രസിഡന്റുമൊത്തു ചർച്ചയും ഉച്ചഭക്ഷണവും ഉണ്ടാവും. അർജന്റീനയുടെ ദേശീയ ഹീറോ ആയ ജനറൽ ഹോസ് ദേ സാൻ മാർട്ടിന്റെ പ്രതിമയ്ക്കു മുന്നിൽ മോദി ആദരാഞ്ജലി അർപ്പിക്കും.