
ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ നിന്ന് ഇന്ത്യൻ പൗരൻമാർ വിട്ടുനിൽക്കണമെന്ന അഭ്യർത്ഥനയുമായി ഇന്ത്യ. ഇന്ത്യൻ പൗരന്മാരെ അടുത്തിടെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തതായ റിപ്പോർട്ടുകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് നീങ്ങിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
യുദ്ധ മുന്നണിയിലേയ്ക്ക് ഇന്ത്യൻ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും തങ്ങളുടെ പൗരന്മാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിലും മോസ്കോയിലും റഷ്യൻ അധികാരികളുമായി ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും രൺധീർ ജയ്സ്വാൾ അറിയിച്ചു. റഷ്യ-യുക്രെയ്ൻ സംഘർഷവുമായി ബന്ധപ്പെട്ട ജോലി വാഗ്ദാനങ്ങൾക്കെതിരെ പൗരൻമാർക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഈ വർഷം ആദ്യം, 127 ഇന്ത്യക്കാർ റഷ്യൻ സായുധ സേനയിൽ ചേർന്നതായി വിദേശകാര്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിരുന്നു. ഇതിൽ 98 പേരുടെ സേവനങ്ങൾ ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉന്നതതല ചർച്ചകളെ തുടർന്ന് നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു.