ഇന്ത്യാന: യുഎസിലെ ഇന്ത്യാനയിലെ പർഡ്യൂ സർവകലാശാലയിൽ ഡോക്ടറൽ ബിരുദത്തിന് പഠിക്കുന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 23 കാരനായ സമീർ കാമത്തിനെയാണ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാറൻ കൗണ്ടി കൊറോണറുടെ ഓഫീസിനെ ഉദ്ധരിച്ച് ഇന്ത്യാന ആസ്ഥാനമായുള്ള ജേണൽ & കൊറിയറാണ് വിദ്യാർത്ഥിയുടെ മരണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കാമത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഇപ്പോൾ 'മെമ്മോറിയലൈസ്' ചെയ്തിട്ടുണ്ടെന്നും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
“വില്യംസ്‌പോർട്ടിലെ 3300 നോർത്ത് വാറൻ കൗണ്ടി റോഡ് 50 വെസ്റ്റിലുള്ള ക്രോസ് ഗ്രോവ് നേച്ചർ പ്രിസർവിലാണ് തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ കാമത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്,” വാറൻ കൗണ്ടി കൊറോണർ ജസ്റ്റിൻ ബ്രുമറ്റ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പത്രക്കുറിപ്പിൽ പറഞ്ഞു.
യുഎസ് പൗരനായിരുന്ന കാമത്ത് പർഡ്യൂ സർവകലാശാലയിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഡോക്ടറൽ ബിരുദം നേടിയിരുന്നു. 2023 ഓഗസ്റ്റിൽ അതേ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയതായി J&C റിപ്പോർട്ടിൽ പറയുന്നു.
ഇയാളുടെ കുടുംബത്തെ മരണ വിവരം അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡിപ്പാർട്ട്‌മെന്റെ ഹെഡ് മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട് പറയുന്നു. എന്നാൽ മരണത്തിന്റെ സാഹചര്യം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2024 ജനുവരി മുതൽ യുഎസിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയാണ് കാമത്ത്. കഴിഞ്ഞയാഴ്ച, ഇന്ത്യാനയിലെ പർഡ്യൂ സർവകലാശാലയിലെ തന്നെ ഇന്ത്യൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഡാറ്റാ സയൻസ് വിദ്യാർത്ഥിയായ നീൽ ആചാര്യയെ കാണാതായതായി അമ്മ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ക്യാമ്പസിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
അതിനുമുമ്പ്, സിൻസിനാറ്റിയിലെ ലിൻഡ്‌നർ സ്‌കൂൾ ഓഫ് ബിസിനസിലെ വിദ്യാർത്ഥിയായ ശ്രേയസ് റെഡ്ഡി ബെനിഗെരിയെ ഒഹിയോയിലും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
“വിദ്യാർത്ഥികളുടെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്. ഈ ഘട്ടത്തിൽ, മറ്റ് ദൂരൂഹതകളെ കുറിച്ച് സംശയിക്കുന്നില്ല," ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു.