മക്കളെ സന്ദർശിക്കാൻ യുകെയിലെത്തിയ പിതാവിന് മരണം, വിട പറഞ്ഞത് കാസർകോട് സ്വദേശി ബേബി, ശൈത്യകാലത്ത് യുകെയിലെത്തുന്ന പ്രായമായവർ ജാ​ഗ്രത

New Update
uk-obit.jpg

ലണ്ടൻ∙ മക്കളെ സന്ദർശിക്കാൻ യുകെയിലെത്തിയ മാതാപിതാക്കളിൽ പിതാവ് അന്തരിച്ചു. രണ്ട് മാസം മുൻപ് യുകെയിലെ കവന്ററി നനീട്ടനിലുള്ള മകൻ ആൽബർട്ട് ജെയ്സൺ, നോർവിച്ചിന് സമീപം ഗ്രേറ്റ്‌ യാർമത്തിലുള്ള മകൾ റെജീന ബേബി എന്നിവരെ സന്ദർശിക്കുന്നതിന് എത്തിയ കാസർകോട് സ്വദേശി ബേബി തേരകത്തിനാടിയിൽ (68) ആണ് വിട പറഞ്ഞത്. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. റിട്ടയർഡ് പോസ്റ്റ്മാനായിരുന്നു.

Advertisment

മകന്റെ വീട് സന്ദർശിച്ച ശേഷം മകളുടെ വീട്ടിൽ എത്തിയ ബേബി ഡിസംബർ 27 ന് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രി ചികിത്സ തേടിയിരുന്നു. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവ നടത്തിയ ശേഷം 31 ന് വീട്ടിലേക്ക് മടങ്ങിയ ബേബിക്ക് വീണ്ടും ശാരീരിക അസ്വസ്ഥതകൾ രൂക്ഷമാവുകയായിരുന്നു. തുടർന്ന് നോർവിച്ച് എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ബേബി ജനുവരി രണ്ടിന് രാത്രി 9 മണിയോടെയാണ് മരണമടഞ്ഞത്. കൊട്ടോടി തച്ചേരിയിൽ കുടുംബാംഗം ലില്ലി ആണ് ഭാര്യ.

മക്കൾ: ക്രിസ്റ്റീന ബേബി, ആൽബർട്ട് ജെയ്സൺ (യുകെ), റെജീന ബേബി (യുകെ). മരുമക്കൾ: സജി ജോസഫ് (തേക്കിനി കുന്നേൽ, പൂടംകല്ല്), ജിസ് ജെയ്സൺ (ചിലമ്പത്ത്, പരുത്തുമ്പാറ), സിമിൽ ജോസഫ് (തോട്ടത്തിൽ, പൂക്കയം). ബേബിയുടെ അപ്രതീക്ഷിത നിര്യാണത്തിൽ ഏറെ ദു:ഖിതരാണ് കവന്ററി, നോർവിച്ച് എന്നിവിടങ്ങളിലെ മലയാളി സമൂഹവും ബന്ധുക്കളും.

Advertisment