മുൻ സിറിയൻ പ്രസിഡൻ്റ് ബഷർ അൽ അസദിൻ്റെ അനുയായികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നു. 2011ന് ശേഷം സിറിയയിൽ സംഘർഷത്തിൽ കൊല്ലപ്പെടുന്നവരുടെ ഏറ്റവും ഉയർന്ന സംഖ്യയാണിത്.
745 സിവിലിയന്മാർ കൊല്ലപ്പെട്ടത് പ്രധാനമായും വധശിക്ഷാ രീതിയിലാണെന്നും 125 സിറിയൻ സുരക്ഷാ സേനാംഗങ്ങളും 148 അസദ് അനുയായികളും കൊല്ലപ്പെട്ടു എന്നുമാണ് യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചിരിക്കുന്നത്.
ലതാകിയ പ്രവിശ്യയിലെ ജബ്ലെ പട്ടണത്തിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അസദ് കാലഘട്ടത്തിലെ കമാൻഡറായ സുഹൈൽ അൽ-ഹസ്സനുമായി ബന്ധമുള്ള തോക്കുധാരികൾ സുരക്ഷാ പട്രോളിംഗും ചെക്ക്‌പോസ്റ്റുകൾ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെ അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതിന് മറുപടിയായി, സേന ലതാക്കിയയിലെ ഒരു ഗ്രാമത്തിൽ ഹെലികോപ്റ്റർ ആക്രമണം നടത്തി.
അസദ് ഭരണകൂടവുമായി ബന്ധം പുലർത്തിയിരുന്ന തീവ്രവാദികൾക്കെതിരെ സുരക്ഷാസേന നീക്കം ശക്തമാക്കിയിരുന്നു. ഇതോടെ ജബ്‌ലെ നഗരത്തിൽ തുടങ്ങിയ സംഘർഷം മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ന്യൂനപക്ഷമായ അലവി വിഭാഗത്തിൽപെട്ടവരാണ് കൊല്ലപ്പെട്ടിരിക്കുന്നതിൽ ഏറെയും.