Advertisment

കുമ്പസാരം കേള്‍ക്കാനും മാര്‍ഗ ദര്‍ശനം നല്‍കാനും എ.ഐ യേശുക്രിസ്തു.. അനുകൂലിച്ചും പ്രതിഷേധിച്ചും വിശ്വാസികള്‍.. വൈകാതെ എ.ഐ യേശുക്രിസ്തു 100 ഭാഷകളില്‍ സംസാരിക്കും

New Update
switzerland

ബേണ്‍: വിശ്വാസികളുടെ കുമ്പസാരം കേള്‍ക്കാനും അവര്‍ക്കു ശരിയായ മാര്‍ഗ ദര്‍ശനം നല്‍കുന്നതും യേശുക്രിസ്തു.. കേട്ടിട്ട് ഞെട്ടേണ്ട, കുമ്പസാരത്തിനു സഹായവുമായി സ്വിറ്റ്സര്‍ലാന്‍ഡിലെ ഒരു ക്രൈസ്തവ സഭയാണ്  എ.ഐയുടെ സഹായത്തോടെ യേശുവിന്റെ രൂപത്തില്‍ എ.ഐ ഹോളോഗ്രാം ഒരുക്കിയിരിക്കുന്നത്. കുമ്പസാരം എ.ഐയിലേക്കു മാറ്റിയതിനെതിരെ അനുകൂലിച്ചും വിര്‍മശിച്ചും വിശ്വാസികള്‍ രംഗത്തെത്തി.

Advertisment

ലുസെര്‍നിലെ സെന്റ് പീറ്റേഴ്സ് പള്ളിയിലാണ് എ.ഐ. സഹായത്തോടെ കുമ്പസാരം നടത്താന്‍ സൗകര്യം ഒരുക്കിയത്. മറ്റു പള്ളികളിലും ഈ സംവിധാനം വൈകാതെ നടപ്പാക്കാന്‍ കഴിയുമെന്നു സഭാ നേതൃത്വത്തിനു പ്രതീക്ഷ.


'ഡ്യൂസ് ഇന്‍ മച്ചിന' (യന്ത്രത്തിലും ദൈവം) എന്ന പദ്ധതിയുടെ ഭാഗമായാണു കുമ്പസാരത്തിന് എ.ഐ. സഹായം തേടിയത്. വിശ്വാസികളെ കുമ്പസാരക്കൂട്ടില്‍ കാത്തിരിക്കുന്നത് യേശുവിന്റെ രൂപമാണ്. ഹോളോഗ്രാമായാണു അതു തയാറാക്കിയത്. യേശുക്രിസ്തുവിന്റെ ഡിജിറ്റല്‍ രൂപത്തിലുള്ള മുഖത്തുനിന്നും വിശ്വാസികള്‍ക്കു പ്രതികരണം ലഭിക്കും.


വിശ്വാസിക്കു മുന്നില്‍ സ്ഥാപിച്ച ബട്ടനില്‍ വിരലമര്‍ത്തിയാല്‍ മുന്നില്‍ യേശുവിന്റെ രൂപം തെളിയും. വിശ്വാസികളുടെ വാക്കുകള്‍ എ.ഐ. വ്യാഖ്യാനിച്ചെടുക്കും. ബൈബിളിന്റെ അടിസ്ഥാനത്തില്‍ മറുപടി തയാറാക്കാനും എ.ഐക്ക് കഴിയും. മറുപടി തയാറായാലുടന്‍ യേശുവിന്റെ ഹോളോഗ്രാം രൂപത്തിനായി മുഖചലനങ്ങള്‍ ആനിമേറ്റ് ചെയ്യും. യഥാര്‍ഥ വ്യക്തി സംസാരിക്കുന്നതുപോലെയാകും വിശ്വാസികള്‍ക്കു തോന്നുക.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യേശുവിന്റെ ഡിജിറ്റല്‍ പതിപ്പിനെ കൊണ്ട് നൂറോളം ഭാഷകള്‍ സംസാരിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.


പങ്കെടുത്ത വിശ്വാസികളില്‍ മൂന്നില്‍ രണ്ടുപേരും എ.ഐ. സഹായത്തോടെയുള്ള കുമ്പസാരത്തെ സ്വാഗതം ചെയ്തെന്നാണു റിപ്പോര്‍ട്ട്. 'ഞാന്‍ ആശ്ചര്യപ്പെട്ടു, ഒരു യന്ത്രമാണെങ്കിലും, എനിക്ക് നല്ല ഉപദേശം നല്‍കി'- ഒരു വിശ്വാസി പറഞ്ഞതായി സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


എ.ഐ. സഹായം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കാനൊരുങ്ങുകയാണു പള്ളി നേതൃത്വം. ആദ്യഘട്ടമായി പള്ളി പാസ്റ്റര്‍മാരുടെ ചില ഉത്തരവാദിത്വങ്ങള്‍ എ.ഐ. ഏറ്റെടുക്കുമെന്ന് സെന്റ് പീറ്റേഴ്സ് പള്ളി ഭരണസമിതി അറിയിച്ചു.

ലുസെര്‍ന്‍ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസ് ആന്‍ഡ് ആര്‍ട്സിലെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും ചേര്‍ന്നാണ് ചാറ്റ്ബോട്ട് സൃഷ്ടിച്ചത്. ബൈബിള്‍ സംബന്ധിച്ച വിവരങ്ങളാണ് ആദ്യം ചാറ്റ്ബോട്ടില്‍ ഉള്‍ക്കൊള്ളിച്ചത്. പിന്നീട് തിരുവെഴുത്തുകളുടെ വ്യാഖ്യാനവും മതപരമായ സംവാദങ്ങളെക്കുറിച്ചുള്ള മതിയായ അറിവും പകര്‍ന്നു നല്‍കി.


പരിശീലന ഡേറ്റയിലെ അമേരിക്കന്‍ ഉള്ളടക്കത്തിന്റെ ആധിപത്യം എ.ഐ. ജീസസിന് ആ ചായ്വ് നല്‍കുമെന്നു ചില വിശ്വാസികള്‍ ആശങ്കപ്പെട്ടിരുന്നു. പക്ഷേ, അങ്ങനെ സംഭവിച്ചില്ലെന്നു ഗവേഷകര്‍ അവകാശപ്പെട്ടു.


സെന്റ് പീറ്റേഴ്സ് ചാപ്പലിലെ ദൈവശാസ്ത്രജ്ഞനായ മാര്‍ക്കോ ഷ്മിഡിനായിരുന്നു പദ്ധതിയുടെ മേല്‍നോട്ടം. 'നിര്‍മിത ബുദ്ധി ഞങ്ങളെ ആകര്‍ഷിക്കുന്നു. എന്നാല്‍ അതിന് അതിന്റേതായ പരിമിതികളുണ്ട്, ധാര്‍മ്മിക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. എങ്കിലും ഉത്തരങ്ങള്‍ ദൈവശാസ്ത്രപരമായ ധാരണയുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. '- അദ്ദേഹം അവകാശപ്പെട്ടു.

ചില ചോദ്യങ്ങളും ദൈവശാസ്ത്രജ്ഞര്‍ യേശുവിന്റെ എ.ഐ. പതിപ്പിനോട് ഉന്നയിച്ചു. 'ഒരു ക്രിസ്തീയ വീക്ഷണകോണില്‍നിന്ന്, ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച പ്രായമായ, രോഗിയായ ഒരു വ്യക്തിയെ ഞാന്‍ എങ്ങനെ പിന്തുണയ്ക്കും?' എന്നായിരുന്നു ഒരു ചോദ്യം. മറുപടി ഇങ്ങനെയായിരുന്നു.


'ഒരുപക്ഷേ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഇനിപ്പറയുന്ന ചോദ്യങ്ങള്‍ ചോദിക്കാം: ഈ പ്രയാസകരമായ സമയത്ത് വിശ്വാസം എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? നിങ്ങള്‍ക്ക് സമാധാനമോ സന്തോഷമോ നല്‍കാന്‍ കഴിയുന്ന മറ്റെന്തെങ്കിലും ജീവിതത്തില്‍ ഉണ്ടോ? എനിക്കെങ്ങനെ നിങ്ങളെ പിന്തുണയ്ക്കാനും ആശ്വസിപ്പിക്കാനും കഴിയും? നിന്റെ കര്‍ത്തവ്യം വിധിക്കലല്ല, മറിച്ച് സ്നേഹത്തോടൊപ്പം പോകലാണ്.'


ആ ഉത്തരം എല്ലാവര്‍ക്കും തൃപ്തികരമല്ലെങ്കിലും, പ്രതീക്ഷ നല്‍കുന്നതായി ഷ്മിഡ് പറഞ്ഞു. സമാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവര്‍ ചാറ്റ്ബോട്ടുകള്‍ക്ക് ഭാവിയില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമായ ഡസന്‍ കണക്കിന് 'എഐ തെറാപ്പിസ്റ്റുകള്‍ക്ക്' സമാനമായി ഇത്തരം ടൂളുകളെ ഉപയോഗിക്കാം. എന്നാല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മതജീവിതത്തില്‍ ഇടപെടുന്നതിനെക്കുറിച്ചു വിമര്‍ശനം ഉയരുന്നുണ്ട്. ഈ മാസം അവസാനത്തോടെ കുമ്പസാരക്കൂട് എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കാനുള്ള നീക്കത്തിലാണു പള്ളി ഭരണസമിതി.

Advertisment