മെൽബൺ: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽമീഡിയ നിരോധനം ഏർപ്പെടുത്തി ഓസ്‌ട്രേലിയ. ടിക് ടോക്ക്, ഫേസ്ബുക്ക്, സ്‌നാപ് ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
വ്യാഴാഴ്‌ചയാണ് ഇതുമായി ബന്ധപ്പെട്ട ബിൽ ഓസ്‌ട്രേലിയൻ സെനറ്റ് പാസാക്കിയത്. നിയമം ലംഘിച്ചാൽ 50 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (33 മില്യൺ ഡോളർ) പിഴ ചുമത്തും.
നിയമം ലംഘിക്കപ്പെട്ടാൽ, 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയക്ക് ആക്‌സസ് നൽകുന്ന കമ്പനിയാവും പിഴ നൽകേണ്ടി വരിക. പിഴ ചുമത്തുന്നതിന് മുമ്പ് നിരോധനം നടപ്പാക്കാനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഒരു വർഷം സമയം ലഭിക്കും.
സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനാണ് 16 വയസ്സിന് താഴെയുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ കുട്ടികളെ സംരക്ഷിക്കുന്നതിനായി കഴിയുന്നതെന്തും ചെയ്യുമെന്നായിരുന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബാനീസിന്‍റെ പ്രതികരണം.