Advertisment

കുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മാപ്പ് നൽകി; വിവാദം കനത്തതോടെ രാജി വച്ച് ഹം​ഗേറിയൻ പ്രസിഡന്റ്

New Update
huangary.jpg

ബുഡാപെസ്റ്റ്: കുട്ടികൾക്കെതിരായ ലൈം​ഗിക അതിക്രമ കേസിലെ പ്രതിക്ക് മാപ്പ് നൽകിയ സംഭവം വിവാദമായതിനെ തുടർന്ന് രാജിവെച്ച് ഹംഗേറിയൻ പ്രസിഡന്റ് കതാലിൻ നൊവാക്. പ്രധാനമന്ത്രി വിക്ടർ ഓർബനുമായി അടുത്ത ബന്ധം പുലർത്തുന്ന നൊവാക്, കഴിഞ്ഞ ശനിയാഴ്ചയാണ് രാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഓർബന്റെ മറ്റൊരു അനുയായിയും മുൻ നിയമ മന്ത്രിയുമായ ജൂഡിറ്റ് വാർ​ഗയും പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. പ്രതിക്ക് മാപ്പ് നൽകിയെന്ന വിവാ​ദ സംഭവത്തിൽ ജൂഡിറ്റ് വാർ​ഗയും അകപ്പെട്ടിരുന്നതിനെ തുടർന്നാണ് നടപടി.

Advertisment

ലൈം​ഗിക പീഡനക്കേസിലെ പ്രതിക്ക് മാപ്പ് നൽകിയ സംഭവത്തെ തുടർന്ന് ഹം​ഗറിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ  നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. തുടർന്ന് രൂപപ്പെട്ട സമ്മർദ്ദത്തിന് ഒടുവിലാണ് പ്രസിഡന്റിന്റെ രാജി. തനിക്ക് ഒരു അബദ്ധം സംഭവിച്ചുവെന്ന് അം​ഗീകരിച്ചുകൊണ്ടായിരുന്നു 46-കാരിയായ നൊവാക് സ്ഥാനമൊഴിഞ്ഞത്.

നേരത്തെ ഫാമിലി പോളിസി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രിയായിരുന്നു നൊവാക്. പ്രതിക്ക് മാപ്പ് നൽകിയ നടപടി ആരെയൊക്കെ വേദനിപ്പിച്ചുവോ അതിൽ ക്ഷമ ചോദിക്കുന്നതായി അവർ വ്യക്തമാക്കി. വേണ്ട പിന്തുണ താൻ നൽകിയില്ലെന്ന് ഇരകൾക്ക് തോന്നിയിട്ടുണ്ടാകുമെന്നതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടി അന്നും ഇന്നും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. അത് ഇനിയും തുടരുമെന്നും നൊവാക് അറിയിച്ചു.

ഹം​ഗറിയിലെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു കതാലിൻ നൊവാക്. 2022 മാർച്ചിലായിരുന്നു ചുമതലയിലെത്തിയത്. വിവാദത്തിന് ആസ്പദമായ കേസിലെ പ്രതി ചിൽഡ്രൻസ് ഹോമിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. സ്ഥാപനത്തിൽ ഇയാളുടെ ‘ബോസ്’ നടത്തിയ ലൈം​ഗിക അതിക്രമങ്ങളെ മറച്ചുവയ്‌ക്കാൻ സഹായിച്ചുവെന്നതായിരുന്നു ചുമത്തപ്പെട്ട കുറ്റം. ഇതിനാണ് പ്രസിഡന്റ് മാപ്പ് നൽകിയത്. കഴിഞ്ഞ ഏപ്രിലിൽ ഫ്രാൻസിസ് മാർപാപ്പ നടത്തിയ ബുഡാപെസ്റ്റ് സന്ദർശനത്തിന് ഇടയിലായിരുന്നു പ്രിസഡന്റിന്റെ തീരുമാനം. എന്നാൽ ഇക്കാര്യം പുറത്തുവന്നത് കഴിഞ്ഞയാഴ്ചയായിരുന്നു. ന്യൂസ് സൈറ്റ് ആയ 444 ആണ് വാർത്ത പുറത്തുവിട്ടത്. ഇതോടെ പ്രസി‍ഡന്റ് സ്ഥാനത്ത് നിന്നും നൊവാക് രാജിവച്ച് ഒഴിയണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു.

പീഡോഫീലിയക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന നയത്തിൽ സംശയം ജനിപ്പിക്കുന്ന നടപടി ആണെന്നതിനാലാണ് രാജിയെന്നും നൊവാക് വ്യക്തമാക്കി. അതേസമയം കേവലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാത്രമല്ല, പൊതുപ്രവർത്തന ജീവിതത്തിൽ നിന്നും നൊവാക് പിൻമാറണമെന്ന ആവശ്യവുമായി ഹം​ഗറിയിൽ പ്രതിഷേധ റാലികൾ പുരോ​ഗമിക്കുകയാണ്.

Advertisment