ന്യൂയോര്‍ക്കിനെ കമ്മ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വേലയോ ആക്കും, ജനം ഒടുവില്‍ പലായനം ചെയ്യും: ഡൊണാള്‍ഡ് ട്രംപ്

New Update
800

സോഷ്യലിസ്റ്റ് ഡെമോക്രാറ്റ് സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ യുഎസിന്റെ പരമാധികാരം കുറച്ച് കുറഞ്ഞതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് കമ്മ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വേലയോ ആയി മാറുമെന്നും ന്യൂയോര്‍ക്കിലുള്ളവര്‍ക്കെല്ലാം ഫ്‌ളോറിഡയിലേക്ക് പോകേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.

Advertisment

'2024 നവംബര്‍ 5ന് അമേരിക്കന്‍ ജനത നമ്മുടെ സര്‍ക്കാരിനെ തെരഞ്ഞെടുത്തു. നമ്മള്‍ നമ്മുടെ പരമാധികാരത്തെ വീണ്ടെടുത്തു. പക്ഷെ കഴിഞ്ഞ ദിവസം രാത്രി ആ പരമാധികാരം കുറച്ച് നമുക്ക് കുറഞ്ഞെന്ന് വേണം കണക്കാക്കാന്‍. പക്ഷെ അതിനെയും നമ്മള്‍ ശരിയാക്കും,' മയാമിയിലെ അമേരിക്ക ബിസിനസ് ഫോറത്തില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞു.

ഡെമോക്രാറ്റ് പ്രതിനിധികള്‍ അമേരിക്കയോട് എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് നിങ്ങള്‍ക്ക് കാണണമെങ്കില്‍, ഇന്നലെ ന്യൂയോര്‍ക്കില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം നോക്കൂ, അവിടെ അവരുടെ പാര്‍ട്ടി രാജ്യത്തെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി ഒരു കമ്മ്യൂണിസ്റ്റിനെ നിയമിച്ചിരിക്കുന്നു എന്നും ട്രംപ് പറഞ്ഞു.

'ഞാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതുപോലെ ഡെമോക്രാറ്റ്‌സ് അമേരിക്കയെ ഒരു കമ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വേലയോ ആക്കി മാറ്റാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. എന്നിട്ട് നിങ്ങള്‍ നോക്കൂ, എന്താണ് ഈ സ്ഥലങ്ങളില്‍ ഒക്കെ നടക്കുന്നതെന്ന്. ഡെമോക്രാറ്റ്‌സ് പരിധി വിടുന്നുവെന്നും ന്യൂയോര്‍ക്കിലെ കമ്മ്യൂണിസത്തില്‍ നിന്നും ബുദ്ധിമുട്ടി പലായനം ചെയ്യുന്നവര്‍ വന്ന് ചേരുന്ന അഭയാര്‍ഥി കേന്ദ്രമായി മയാമി മാറും,' ട്രംപ് പറഞ്ഞു.

ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെ, തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മംദാനി നടത്തിയ പ്രസംഗത്തിനെതിരെയും ട്രംപ് രംഗത്തെത്തി. മംദാനി വളരെ രോഷാകുലനായാണ് സംസാരിച്ചത്. പ്രത്യേകിച്ചും തന്നോട് വളരെ മോശമായാണ് മംദാനി പ്രതികിച്ചത്. വളരെ മോശം തുടക്കമാണ് മംദാനി നടത്തിയിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

'വളരെ രോഷാകുലമായ പ്രസംഗമായിരുന്നു അത്. പ്രത്യേകിച്ചും എനിക്ക് നേരെ. എന്നോട് നല്ല നിലയ്ക്കാണ് മംദാനി നില്‍ക്കേണ്ടത്. കാരണം അദ്ദേഹത്തിന് മുന്നിലേക്ക് വരുന്ന പല കാര്യങ്ങളും അംഗീകരിക്കേണ്ടതും അനുമതി നല്‍കേണ്ടതും ഞാനാണ്. പക്ഷെ വളരെ മോശം തുടക്കമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്,' ട്രംപ് പറഞ്ഞു.

മേയര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതു മുതല്‍ മംദാനിക്കെതിരെ കടുത്ത രീതിയിലാണ് ട്രംപിന്റെ പ്രതികരണങ്ങള്‍. അധിക്ഷേപം ചൊരിഞ്ഞും ആക്രമിച്ചുമാണ് ട്രംപ് മംദാനിയെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ നടത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ 'ട്രംപ് ഇത് കാണുന്നുണ്ടെന്ന് തനിക്ക് അറിയാമെന്നും, നാലേ നാല് വാക്കുകളേ തനിക്ക് പറയാനുള്ളു; ആ ശബ്ദം കൂട്ടി വയ്ക്കൂ...'' എന്നുമായിരുന്നു ട്രംപ് പറഞ്ഞത്.

Advertisment