/sathyam/media/media_files/2025/11/08/3333-2025-11-08-08-48-38.jpg)
ഇസ്താംബൂൾ: ഗാസയിൽ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുർക്കി.
ഇസ്താംബൂൾ പ്രോസിക്യൂട്ടറുടെ ഓഫീസിൽ നിന്നുള്ള ഒരു പ്രസ്താവന പ്രകാരം ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിർ, സൈനിക മേധാവി ലെഫ്റ്റനൻ്റ് ജനറൽ ഇയാൽ സമീർ എന്നിവർ ഉൾപ്പെടെ 37 പേരെ പ്രതികളാക്കിയിട്ടുണ്ട്. എന്നാൽ പൂർണമായ പട്ടിക ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.
ഗാസയിൽ ഇസ്രയേൽ വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമാണ് നടത്തുന്നതെന്ന് തുർക്കി ആരോപിച്ചു. ഗാസ മുനമ്പിൽ തുർക്കി നിർമിച്ചതും, മാർച്ചിൽ ഇസ്രയേൽ ബോംബിട്ട് തകർത്തതുമായ തുർക്കി-പലസ്തീൻ സൗഹൃദ ആശുപത്രിയെക്കുറിച്ചും പ്രസ്താവനയിൽ പരാമർശിക്കുന്നുണ്ട്.
അതേസമയം, തുർക്കിയുടെ അറസ്റ്റ് വാറണ്ടിനെ പിആർ സ്റ്റണ്ട് എന്നാണ് ഇസ്രയേൽ വിശേഷിപ്പിച്ചത്. സ്വേച്ഛാധിപതിയായ തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ്റെ ഏറ്റവും പുതിയ പിആർ സ്റ്റണ്ടിനെ ഇസ്രായേൽ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ എക്സിൽ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us