/sathyam/media/media_files/2025/06/05/nDKIo9YqWHBaf4f86sGh.jpg)
വാഷിങ്ടൺ: ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തുമെന്ന പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റുളള ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്ക് ഒക്ടോബർ ഒന്ന് മുതൽ 100 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ മരുന്ന് വിപണിയായ യു.എസ് വലിയ തീരുവ ചുമത്തുന്നത് രാജ്യത്തിന് തിരിച്ചടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒക്ടോബർ ഒന്ന് മുതൽ ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുകയാണ്. ഫാർമസ്യൂട്ടിക്കൽ നിർമാണശാലകൾ യു.എസിൽ പ്ലാന്റ് നിർമിക്കണമെന്ന് ഡോണൾഡ് ട്രംപ് ട്രൂത്ത്സോഷ്യൽ കുറിച്ചു. ഇതിന് പുറമേ കിച്ചൻ കാബിനിറ്റിന് 50 ശതമാനവും ഫർണീച്ചറുകൾക്ക് 30 ശതമാനവും വലിയ ട്രക്കുകൾക്ക് 25 ശതമാനവും തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. ദേശസുരക്ഷ കൂടി മുൻനിർത്തിയാണ് ട്രക്കുകൾക്ക് അധിക നികുതി ചുമത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. പ്രതിവർഷം 31,626 കോടിയുടെ മരുന്ന് ഉൽപന്നങ്ങളാണ് യു.എസിലേക്ക് ഇന്ത്യ കയറ്റി അയക്കുന്നത്. 2025ന്റെ ആദ്യപകുതിയിൽ 32,505 കോടിയുടെ മരുന്ന് ഇതുവരെ യു.എസിലേക്ക് ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചിരുന്നു.
വ്യാപാര തീരുവ സംബന്ധിച്ച തർക്കത്തിൽ ഇന്ത്യയുമായി ചർച്ച തുടരുകയാണെന്ന് യു.എസ്. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അറിയിച്ചിരുന്നു. വരും ആഴ്ചകളിൽ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കും. ഇരുരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് നല്ല പരിസമാപ്തിയിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
'ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും ചർച്ചകൾ തുടരുകയാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. എന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു. രണ്ട് മഹത്തായ രാജ്യങ്ങൾക്കും വിജയകരമായ ഒരു പരിസമാപ്തിയിലെത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്'. -ട്രംപ് വ്യക്തമാക്കിയിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളും വ്യാപാര ചർച്ചകൾ പുനഃരാരംഭിക്കുകയും ചെയ്തിരുന്നു.