ബോൾട്ടൻ: ലോകത്തിന്റെ ഏതു കോണിലായാലും ഇന്നും മലയാളികൾ നെഞ്ചോടു ചേർത്തു വയ്ക്കുന്ന പൊതുവികാരമാണ് വള്ളംകളിയുടെ ആവേശം. ഈ ആവേശം വലിയ വിജയമായി ആഘോഷിക്കുകയാണ് യു കെ ബോൾട്ടനിലെ മലയാളി സമൂഹം. ഇവിടത്തുകാരുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായി മാറിയിരിക്കുകയാണ് ബോൾട്ടന്റെ സ്വന്തം വള്ളംകളി ക്ലബ് ആയ 'കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടൻ'./sathyam/media/media_files/1365400b-c73b-4162-bc16-472dc3ae5742.jpeg)
മാഞ്ചസ്റ്ററിലെ സെയ്ൽ വാട്ടർ പാർക്കിൽ വച്ചു ജൂൺ 22 - ന് സംഘടിപ്പിക്കപ്പെട്ട പ്രമുഖ വള്ളംകളി മത്സരമായ 'ഡ്രാഗൻ ബോട്ട് ഫെസ്റ്റിവൽ' കിരീടം ചൂടിക്കൊണ്ടാണ് 'കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടൻ' ക്ലബ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലും മറ്റു മാധ്യമങ്ങളിലെ വാർത്തകളിളും ഇടം പിടിച്ചത്. യു കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള എണ്ണം പറഞ്ഞ നിരവധി ടീമുകൾ തുഴയെറിഞ്ഞ ആവേശം പോരാട്ടത്തിനൊടുവിൽ വ്യക്തമായ മുന്നേറ്റത്തോടെയാണ് 'ബോൾട്ടൻ കൊമ്പൻസ്' മത്സരത്തിലെ ജലരാജാക്കന്മാരായത്. ട്രോഫിയും മേഡലുകളും £700 പൗണ്ട് ക്യാഷ് പ്രൈസ് എന്നിവ അടങ്ങുന്ന സമ്മാനങ്ങളാണ് ബോൾട്ടൻ കൊമ്പൻസ്' - ന് ലഭിച്ചത്. /sathyam/media/media_files/b41dd253-86c4-477f-ab02-a26556c5a7a9.jpeg)
ക്ലബ് രൂപീകൃതമായി ചുരുങ്ങിയ കാലങ്ങൾ കൊണ്ടു തന്നെ യു കെയിലെ പ്രമുഖ വള്ളംകളി ടീമുകളിൽ ഒന്നായി മാറിയ 'ബോൾട്ടൻ കൊമ്പൻസ്', ഇതിനോടകം വലുതും ചെറുതുമായ നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ചുണ്ടനും ഇരുട്ടുകുത്തിയും തോടിയും അരങ്ങുവാഴുന്ന കുട്ടനാട്ടിൽ നിന്നും വർഷങ്ങൾക്കു മുൻപ് യു കെയിലേക്ക് കുടിയേറിയ ശ്രീ. ആന്റണി ചാക്കോ (മോനച്ചൻ) ആണ് 'കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടൻ' - ന്റെ ക്യാപ്ടൻ. ഒരു കുട്ടനാടുകാരന്റെ ഇടനെഞ്ചിലോടുന്ന വള്ളംകളിയുടെ താളവും 'നെഹ്‌റു ട്രോഫി' അടക്കമുള്ള പ്രമുഖ മത്സരങ്ങളിൽ തുഴയെറിഞ്ഞുള്ള തഴക്കവും ടീമിന്റെ ഏറ്റവും വലിയ മുതൽ കൂട്ടാണ്. വള്ളംകളി ആസ്വാദകനും ബോൾട്ടൻ മലയാളി അസോസിയേഷൻ (ബിഎംഎ) അടക്കമുള്ള യു കെയിലെ നിരവധി സാമൂഹിക - സാംസ്കാരിക - ചാരിറ്റി സംഘടനകളിലെ നിറസാന്നിധ്യവും മികച്ച സംഘാടകനുമായ ശ്രീ. ജെയ്‌സൺ ജോസഫ് 'കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടൻ' - ന്റെ മാനേജർ സ്ഥാനം അലങ്കരിക്കുന്നു. /sathyam/media/media_files/87dbbec2-c92e-49d5-92b4-382a5b00fae0.jpeg)
ജോലി - പഠനം സമയം ക്രമപ്പെടുത്തിയും ഒഴിവുള്ള സമയങ്ങളിൽ ചിട്ടയായ പരിശീലനം നടത്തിയുമാണ് പ്രൊഫഷാണലുകളോട് കിടപിടിക്കുന്ന രീതിയിൽ ഇരുപതോളം തുഴച്ചിലുകാർ അടങ്ങുന്ന മികച്ച ടീമായി 'കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടൻ' - നെ ഒരുക്കിയിരിക്കുന്നത്.
ടീമിന് മത്സരത്തിൽ ഒന്നാം സമ്മാനമായി ലഭിച്ച £700 പൗണ്ട്, ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതിനായി മത്സരം സംഘടിപ്പിച്ച സംഘാടകർക്കു കൈമാറി. യു കെയിലെ തിരക്കു പിടിച്ച ജീവിത സാഹചര്യങ്ങൾക്കിടയിലെ ഇടവേളകളിൽ ചിട്ടയോടും ആത്മസമർപ്പണത്തോടു കൂടിയും ഒരുമിച്ചു പോകുന്ന അംഗങ്ങളാണ് 'കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടൻ' - ന്റെ മുന്നോട്ടുള്ള യാത്രക്ക് ആത്മവിശ്വാസം പകരുന്നതെന്നാണ് ടീം മാനേജ്മെന്റ് പറയുന്നത്.
'കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടൻ' ടീമിന്റെ അഭിമാന വിജയത്തിൽ ബോൾട്ടൻ മലയാളി അസോസിയേഷൻ (ബിഎംഎ) അഭിനന്ദനങ്ങൾ അറിയിച്ചു.