കാനഡയിലെ പീല്‍ മേഖലയില്‍ ക്ഷേത്രഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ജഗദീഷ് പന്ദര്‍(41) അറസ്റ്റില്‍. ബ്രാംപ്ടണില്‍നിന്നുള്ള ജഗദീഷ് പന്ദറാണ് പ്രതി
2023 മാര്‍ച്ചിനും ഓഗസ്റ്റിനും ഇടയില്‍, ബ്രാംപ്ടണ്‍, മിസിസാഗ, കാലെഡണ്‍ എന്നിവിടങ്ങളില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയതായ റിപ്പോര്‍ട്ടുകള്‍ അധികാരികള്‍ക്ക് ലഭിച്ചു. പീല്‍ റീജനല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.
മൂന്ന് ആരാധനാലയങ്ങളില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെന്ന് സംശയിക്കുന്ന 41 കാരനായ പാന്ദര്‍ ക്ഷേത്രങ്ങളില്‍ അതിക്രമിച്ചു കടക്കുകയും ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. കൂടാതെ, പ്രദേശത്തെ മറ്റ് വാണിജ്യ സ്ഥലങ്ങളിലും പാന്ദര്‍ സമാനമായ മോഷണം നടത്തുന്നതു ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.