ഇറാന് മാസങ്ങൾക്കകം ആണവ ബോംബിന് ആവശ്യമായ യുറേനിയം സമ്പുഷ്ടമാക്കാനുള്ള പരിപാടി വീണ്ടും ആരംഭിക്കാൻ കഴിയുമെന്ന് യുഎൻ അന്താരാഷ്ട ആണവ ഏജൻസി ഐ എ ഇ എയുടെ മേധാവി റഫായേൽ ഗ്രോസി പറയുന്നു.
ഇറാന്റെ ആണവ നിലയങ്ങൾക്കു ഗണ്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "എന്നാൽ അവർക്കുണ്ടായിരുന്ന സൗകര്യങ്ങൾ ഇപ്പോഴും ലഭ്യമാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ അവർക്കു സെൻട്രിഫ്യൂഗുകൾ പ്രവർത്തിപ്പിക്കയും യുറേനിയം സമ്പുഷ്ടമാക്കുകയും ചെയ്യാൻ കഴിയും," അദ്ദേഹം ഞായറാഴ്ച്ച സി ബി എസ് ടെലിവിഷനിൽ പറഞ്ഞു.
"തുറന്നു പറഞ്ഞാൽ, എല്ലാം നശിച്ചു പോയെന്നു പറയാൻ കഴിയില്ല. ഇപ്പോഴും സൗകര്യങ്ങൾ അവർക്കുണ്ട്."
യുഎസ് ആക്രമണങ്ങളിൽ നിന്നുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "നാശനഷ്ടങ്ങളെ നിർവചിക്കുന്നത് എങ്ങിനെ എന്നതിനെ ആശ്രയിച്ചിരിക്കും അത്. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ യുറേനിയം സമ്പുഷ്ടമാക്കാൻ ഇറാന് ഉണ്ടായിരുന്ന സൗകര്യം ഗണ്യമായി നശിച്ചിട്ടുണ്ട്."
ഇറാനുമായി കരാർ ഉണ്ടാക്കാൻ കഴിയുമെന്നതിന്റെ സൂചന നൽകിയ യുഎസ് വൈകാതെ ആരംഭിക്കും എന്നു പറയുന്ന ചർച്ചയിൽ ഐ എ ഇ എ പങ്കെടുക്കുന്നില്ലെന്നു ഗ്രോസി വ്യക്തമാക്കി. "ഞങ്ങളുടെ ജോലി കാര്യങ്ങൾ നിരീക്ഷിക്കയും വിലയിരുത്തുകയുമാണ്. നേരിട്ടുള്ള ചർച്ചകളിൽ ഞങ്ങൾ പങ്കെടുക്കാറില്ല."
ബോംബുണ്ടാക്കാൻ ഇറാൻ ശ്രമിച്ചതായി ഏജൻസിക്കു അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഞങ്ങൾ ചോദിച്ച പല കാര്യങ്ങൾക്കും അവർ മറുപടി തന്നിട്ടില്ല. അതു പ്രധാനമാണ്.
ഐ എ ഇ എയുമായി സഹകരണം നിർത്തി വയ്ക്കാൻ ഇറാൻ പാർലമെന്റ് കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. എന്നാൽ ആണാവായുധം തടയാനുള്ള അന്താരാഷ്ട്ര കരാറിൽ ഇറാൻ അംഗമാണ്. ആ ഉത്തരവാദിത്തം അവർ നിറവേറ്റിയെ തീരൂ.
വഴങ്ങിയാൽ ഉപരോധം നീക്കാമെന്നു ട്രംപ്
ഇറാൻ ശത്രുതാപരമായ സമീപനം ഉപേക്ഷിച്ചാൽ അവർക്കെതിരെയുള്ള ഉപരോധം നീക്കുന്ന കാര്യം പരിഗണിക്കാമെന്ന് പ്രസിഡന്റ് ട്രംപ് ഞായറാഴ്ച്ച പറഞ്ഞു. എണ്ണ കയറ്റുമതി വരെ സ്വതന്ത്രമാക്കാം. എന്നാൽ ചൈനയ്ക്കു ഇറാന്റെ എണ്ണ വാങ്ങാമെന്നു തന്റെ ഭരണകൂടം പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.