അന്താരാഷ്ട്ര ഹദീസ് പാരായണ സമാപന സമ്മേളനം: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് മലേഷ്യയിൽ ഉജ്ജ്വല വരവേൽപ്പ്

New Update
ALF_25
ക്വാലാലംപൂർ:  മലേഷ്യൻ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമത്തിന്റെ സമാപന ചടങ്ങിന് നേതൃത്വം നല്കാൻ സർക്കാർ അതിഥിയായി എത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്ക് ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്.
Advertisment
 മലേഷ്യൻ മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിൻ മുഖ്താർ, പ്രോഗ്രാം ഡയറക്ടർ ഡോ. ബശീർ മുഹമ്മദ് അസ്ഹരി എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ അംഗങ്ങൾ ഉൾപ്പെട്ട ഔദ്യോഗിക സംഘം ഗ്രാൻഡ് മുഫ്തിയെ സ്വീകരിച്ചു.

വിശുദ്ധ ഖുർആന് ശേഷം ഇസ്‌ലാം മത വിശ്വാസികൾ ആധികാരികവും പ്രാമാണികവുമായി കണക്കാക്കുന്ന ഹദീസുകളുടെ പത്തു ദിവസം നീണ്ടുനിൽക്കുന്ന വാർഷിക പാരായണ സംഗമങ്ങൾ 2023 മുതലാണ് മലേഷ്യയിൽ ആരംഭിച്ചത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തിൽ ഹദീസ് പാരായണത്തിനും പ്രാർഥനക്കും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി നേതൃത്വം നൽകും.
ഹദീസ് പഠനത്തിനും വ്യാപനത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹദീസ് പണ്ഡിതർ പങ്കെടുക്കുന്ന വൈജ്ഞാനിക-ആത്മീയ ചടങ്ങിന് നേതൃത്വം നൽകാൻ ഗ്രാൻഡ് മുഫ്തി തിരഞ്ഞെടുക്കപ്പെടുന്നത്. സപ്തദിന പര്യടനത്തിന്റെ ഭാഗമായി വിവിധ സാംസ്കാരിക-വൈജ്ഞാനിക പരിപാടികളിലും ഗ്രാൻഡ് മുഫ്തി സംബന്ധിക്കും. പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തും.
Advertisment