അന്താരാഷ്ട്ര സ്വഹീഹ് മുസ്‌ലിം പാരായണ സംഗമത്തിന് സമാപ്‌തി

New Update
IMG_0857
ക്വലാലംപൂർ: അശാന്തിയും അസ്ഥിരതയും വർധിച്ചുവരുന്ന ലോകത്ത് സാമൂഹിക സുസ്ഥിതി സാധ്യമാക്കാൻ തിരുനബി സന്ദേശങ്ങൾ മുറുകെ പിടിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മലേഷ്യയുടെ ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയിൽ ആഗോള പണ്ഡിതരും ഭരണാധികാരികളും മന്ത്രിമാരും അറിവന്വേഷകരും തിങ്ങിനിറഞ്ഞ പ്രൗഢ സദസ്സിൽ അന്താരാഷ്‌ട്ര സ്വഹീഹ് മുസ്‌ലിം പാരായണ സദസ്സിന്റെ സമാപന സമ്മേളനത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികൾക്കുള്ളിലും കുടുംബത്തിലും പൊതുമണ്ഡലത്തിലും രാഷ്ട്രങ്ങൾക്കിടയിലും സമാധാനം സൃഷ്ടിക്കാൻ ഹദീസുകൾ മനുഷ്യരെ സഹായിക്കും. തിരുനബിചര്യകൾ അടുത്തറിയുന്നതിനും അതിലൂടെ ലോകം നേരിടുന്ന മാനവികവും സാമൂഹ്യവുമായ പ്രതിസന്ധികളെ അതിജയിക്കുന്നതിനും ഹദീസ് ഗ്രന്ഥങ്ങളുടെ ആഴത്തിലുള്ള പഠനവും ഗവേഷണവും കൂടുതൽ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Advertisment

മലേഷ്യൻ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോകപ്രശസ്‌ത പണ്ഡിതരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ 19 മുതൽ പത്തു ദിവസമായി നടന്ന സംഗമത്തിന്റെ സമാപനം പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം ഉദ്ഘാടനം ചെയ്തു. നബിചര്യകളും തനത് മൂല്യങ്ങളും വിളംബരം ചെയ്യാൻ മലേഷ്യൻ മതകാര്യവകുപ്പ് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മാനവ നന്മക്കാണ് വിശുദ്ധ ഖുർആനും ഹദീസുകളും പ്രചോദിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യ മദനി നയത്തിന് കീഴിൽ പാരമ്പര്യ ഇസ്‌ലാമിന്റെ വ്യാപനത്തിനും വളർച്ചക്കുമായി നിരവധി പദ്ധതികളാണ് പ്രധാനമന്ത്രിയുടെ കീഴിലുള്ള മതകാര്യ വകുപ്പ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് 2023 മുതൽ പുത്ര മസ്ജിദിൽ വാർഷിക ഹദീസ് സംഗമങ്ങൾ ആരംഭിച്ചത്. മതപണ്ഡിതർക്കുള്ള മലേഷ്യൻ ഭരണകൂടത്തിന്റെ പരമോന്നത ബഹുമതിയായ മഅൽ ഹിജ്‌റ പുരസ്കാരം നേടിയതിന് പിറകെ നടന്ന ആദ്യ സംഗമത്തിന് തുടക്കമിട്ടതും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായിരുന്നു. ഹദീസ് പഠനത്തിനും വ്യാപനത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹദീസ് പണ്ഡിതർ പങ്കെടുക്കുന്ന വൈജ്ഞാനിക-ആത്മീയ ചടങ്ങിന് നേതൃത്വം നൽകാൻ ഗ്രാൻഡ് മുഫ്തി തിരഞ്ഞെടുക്കപ്പെടുന്നത്.
സ്വഹീഹ് മുസ്‌ലിം പൂർണമായും പാരായണം ചെയ്ത സദസ്സിൽ തിരഞ്ഞെടുക്കപ്പെട്ട 1000 പേരാണ് മുഴുസമയ ശ്രോതാക്കളായി ഉണ്ടായിരുന്നത്. സമാപന സംഗമത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൊതുജനങ്ങൾ ഉൾപ്പെടെ അയ്യായിരത്തിലധികം പേർ പങ്കെടുത്തു. സ്വഹീഹ് മുസ്‌ലിം ദർസിന് പുറമെ ഇജാസത്ത് കൈമാറ്റവും പ്രാർഥനയും സംഗമത്തിന്റെ ഭാഗമായിരുന്നു. മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിൻ മുഖ്താർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി ശൈഖ് വാൻ മുഹമ്മദ് ഇസ്സുദ്ദീൻ, ശൈഖ് മുഹമ്മദ് അൽ ഹസൻ, ശൈഖ് ഹുസൈൻ അബ്ദുൽ ഖാദിർ അൽ യൂസുഫി, ശൈഖ് നൂറുദ്ദീൻ മർബു അൽ മക്കി, ഡോ. നാജി അൽ അറബി തുടങ്ങി പ്രമുഖർ സംസാരിച്ചു. ഗ്രാൻഡ് മുഫ്‌തിക്ക് പുറമെ ഇന്ത്യയിൽ നിന്ന് ജാമിഉൽ ഫുതൂഹ്- ഇന്ത്യൻ ഗ്രാൻഡ് മസ്ജിദ് ഇമാം ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും സമ്മേളനത്തിൽ സംബന്ധിച്ചു. 
Advertisment