Advertisment

പരിഷ്കരണവാദി പ്രസിഡന്റാവുമ്പോൾ ഇറാൻ പ്രവേശിക്കുന്നത് പുതുയുഗത്തിലെന്നു വ്യാഖ്യാനം

New Update
bgt5555555555556

ഷിയാ പുരോഹിതന്മാർ അധികാരം നിയന്ത്രിക്കുന്ന ഇറാനിൽ പരിഷ്കരണവാദി എന്നറിയപ്പെടുന്ന കാർഡിയാക്ക് സർജൻ മഹ്‌മൂദ്‌ പേസഷ്ക്കിയാൻ (69) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ഖാത്തമിയുടെ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രി ആയിരുന്ന അദ്ദേഹം ആണവ ചർച്ചകളിൽ ഇറാൻ സംഘത്തെ നയിച്ചിട്ടുള്ള സയീദ് ജലീലിയെ രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ ശനിയാഴ്ച തോല്പിച്ചത് മൂന്നു മില്യനോളം വോട്ടിനാണ്.

Advertisment

പുരോഹിതനല്ലാത്ത രണ്ടാമത്തെ ഇറാൻ പ്രസിഡന്റാണ്  പേസഷ്ക്കിയാൻ. മതനേതൃത്വത്തിനു പ്രിയംകരനാണ് ജലീലി.

ജൂൺ 28നു നടന്ന ആദ്യ റൗണ്ടിൽ  പേസഷ്ക്കിയാൻ 10.41 മില്യൺ വോട്ടും ജലീലി 9.47 മില്യണും നേടിയിരുന്നു. 61 മില്യൺ വോട്ടർമാരിൽ 24.5 മില്യനാണ് വോട്ട് ചെയ്തത് -- ഏതാണ്ട് 40%.  

ഒന്നാം റൗണ്ടിൽ 3.38  മില്യൺ നേടി മൂന്നാമതായ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബക്കർ ഖാലിബഫ്, വെറും 206,397 നേടിയ പുരോഹിതൻ  മുസ്തഫ പോർമുഹമ്മദി എന്നിവർ രണ്ടാം റൗണ്ടിൽ ജലീലിക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. മറ്റു രണ്ടു യാഥാസ്ഥിതികരും.

ജലീലിക്കെതിരെ ശക്തമായ മുന്നേറ്റം ഉണ്ടായി എന്നു സൂചിപ്പിച്ചു രണ്ടാം റൗണ്ടിൽ പക്ഷെ വോട്ടിംഗ് 50% കടന്നു.  പേസഷ്ക്കിയാൻ  16.3 മില്യൺ അഥവാ  55.3% നേടിയപ്പോൾ ജലീലിക്കു കിട്ടിയത്  13.5 മില്യൺ --  44.3%.



ഇരു പക്ഷവും കൂടുതൽ വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ചു എന്നതു വ്യക്തം. പക്ഷെ അടിച്ചമർത്തൽ ഭരണം കൊണ്ടു ലോകത്തിന്റെ രൂക്ഷ വിമർശനം നേടിയ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ശേഷം വന്ന തിരഞ്ഞെടുപ്പിൽ ഭരണശൈലിയിൽ മാറ്റമുണ്ടാക്കാൻ കഴിയുമോ എന്ന ചിന്തയാണ് വോട്ടർമാർക്കു പ്രചോദനമായത് എന്നു വ്യക്തം.

സ്‌പീക്കർ സമാഹരിച്ച വോട്ട് മൊത്തത്തിൽ ജലീലിക്കു കിട്ടിയില്ല എന്നാണ് ഒരു നിഗമനം. അദ്ദേഹത്തിന്റെ പ്രചാരണ മേധാവി പോലും പരസ്യമായി  പേസഷ്ക്കിയാനെ പിന്തുണച്ചു. ഇറാൻ വിപ്ലവ ഗാർഡുകളുടെ ചില നേതാക്കൾ അദ്ദേഹത്തിനു വേണ്ടി രംഗത്തു വന്നതും വലിയ നേട്ടമായി. യുവജനങ്ങളും വംശീയ ന്യൂനപക്ഷങ്ങളും അദ്ദേഹത്തോടൊപ്പം ചേർന്നു. പേസഷ്ക്കിയാൻ  വരുന്നത് ന്യൂനപക്ഷ അസിറി വിഭാഗത്തിൽ നിന്നാണ്. മുൻ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് അദ്ദേഹത്തിന്റെ പ്രചാരണം നയിച്ചു.

ആധ്യാത്മിക പരമാധികാരി അലി ഖമെയ്‌നിയോട് അടുപ്പമുണ്ടെങ്കിലും മതനേതൃത്വം ജലീലിയെ ഒറ്റക്കെട്ടായി പിന്തുണച്ചതുമില്ല.

ജനാഭിപ്രായം മാറുന്നതനുസരിച്ചു മാറാൻ കഴിയുന്ന രാഷ്ട്രീയമാണ് ഇറാനിൽ ഉള്ളതെന്നാണ് വിശകലനം. മതമൗലിക വാദികൾക്കു രാജ്യത്തെ പിടിയിൽ ഒതുക്കാൻ കഴിഞ്ഞിട്ടില്ല. 2021ൽ ഖമെയ്‌നി മത്സരത്തിൽ നിന്നു വിലക്കിയ ആളാണ് പേസഷ്ക്കിയാൻ. 2005ൽ പ്രസിഡന്റായ മഹ്മൂദ് അഹ്മെദിനെജാദിന് ശേഷം ആ സ്‌ഥാനത്തേക്കു വരുന്ന ആദ്യത്തെ സാധാരണക്കാരനും.

സദാചാര പോലീസിനെ ഒതുക്കി സാമൂഹ്യ നീതി നടപ്പാക്കും എന്നതാണ് പേസഷ്ക്കിയാൻ നൽകുന്ന ഏറ്റവും പ്രധാന വാഗ്ദാനം. സാമ്പത്തിക അരാജകത്വം അവസാനിപ്പിക്കും. വിലക്കയറ്റം നിയന്ത്രിക്കും. ഉപരോധങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കും. രാജ്യം നേരിടുന്ന വെല്ലുവിളികൾ കൈകാര്യം ചെയ്യുന്ന ദൗത്യം കഠിനമാണെന്നും അദ്ദേഹം പറയുന്നു.

Advertisment