ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്പില്‍ ഒരുങ്ങുന്ന iQOO 12 ഇന്ത്യന്‍ വിപണിയിലേക്ക്. ചൈനീസ് വിപണിയിലെത്തി ആഴ്ചകള്‍ക്ക് ശേഷമാണ് iQOO 12യുടെ ഇന്ത്യന്‍ പ്രവേശനം. ഡിസംബര്‍ 12ന് സ്മാര്‍ട്ട് ഫോണ്‍ രാജ്യത്ത് ലഭ്യമാകുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ചൈനയില്‍ iQOO 12 മോഡലിന്റെ വില ഇന്ത്യന്‍ രൂപ ഏകദേശം 45,700 ആണ്. iQOO 12 പ്രോ മോഡലിന് ചൈനയില്‍ ഏകദേശം 57,150 രൂപയാണ് വില.
iQOO 12 പ്രോ മോഡലും വരും ദിവസങ്ങളില്‍ രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 കരുത്തില്‍ ഒരുക്കി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാര്‍ട്ട്ഫോണായിരിക്കും iQOO 12 എന്നാണ് കമ്പനിയുടെ ഇന്ത്യന്‍ മേധാവി കഴിഞ്ഞ ആഴ്ച അവകാശപ്പെട്ടിരുന്നത്. 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ സഹിതം, 1.5കെ റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റുമാണ് iQOO 12 മോഡലിന്റെ പ്രത്യേകതകളില്‍ ചിലത്.
5000 എംഎഎച്ച് ബാറ്ററി, 120W ഫാസ്റ്റ് ചാര്‍ജിംഗ്, അള്‍ട്രാസോണിക് ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ട്രിപ്പിള്‍ റിയര്‍ ക്യാമറ (50 എംപി വൈഡ് ആംഗിള്‍ സെന്‍സര്‍, 50 എംപി ആള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 64 എംപി ടെലിഫോട്ടോ ലെന്‍സ് തുടങ്ങിയവയായിരിക്കും മറ്റ് പ്രധാനപ്രത്യേകതകള്‍.
കഴിഞ്ഞമാസം അവസാനവാരം നടന്ന സ്‌നാപ്ഡ്രാഗണ്‍ സമ്മിറ്റില്‍ വച്ചാണ് സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്പ് അവതരിപ്പിച്ചത്. പിന്നാലെയാണ് പുതിയ പ്രൊസസറില്‍ ഒരുക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ വിവിധ കമ്പനികള്‍ പ്രഖ്യാപിച്ചത്. ഷവോമി, വണ്‍പ്ലസ്, ഒപ്പോ, വിവോ, റിയല്‍മി, റെഡ്മി, സാംസങ് തുടങ്ങിയവരും പുതിയ ചിപ്പിലെ സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയിലെ ചില മോഡലുകള്‍ ഇതിനകം തന്നെ ചൈനീസ് വിപണിയിലെത്തിയിട്ടുണ്ട്.