ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ അവസാനിപ്പിച്ചു. ഇതിനായി പാർലമെന്റ് പാസാക്കിയ നിയമത്തിൽ ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ ഒപ്പുവച്ചു.
ഇസ്രയേലും അമേരിക്കയും ഇറാന്റെ ആണവ പ്ലാന്റുകളിൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇസ്രയേലും അമേരിക്കയും ആക്രമണത്തിനു ന്യായം കണ്ടെത്തിയത് ഏജൻസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് ഇറാൻ ആരോപിച്ചിരുന്നു.
60 ശതമാനം സന്പുഷ്ടീകരിച്ച യുറേനിയം ഇറാന്റെ കൈവശമുണ്ടെന്നും ഇതു കൂടുതൽ സന്പുഷ്ടീകരിച്ച് അണുബോംബുണ്ടാക്കാൻ ഇറാനു കഴിയുമെന്നും ഏജൻസി റിപ്പോർട്ട് നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറാൻ ആണവനിർവ്യാപന കരാർ ലംഘിച്ചതായി ഏജൻസിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് ഇസ്രയേൽ ഇറാനിൽ ആക്രമണം തുടങ്ങിയത്.
ഐക്യരാഷ്ട്ര സഭയുടെ കീഴിൽ വിയന്ന കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസി പതിവായി ഇറാനിലെ ആണവപദ്ധതികൾ നിരീക്ഷിച്ചിരുന്നു. പുതിയ നിയമം പ്രാബല്യത്തിലായതോടെ ഇനി പരിശോധനകൾ നടക്കുമോ എന്നതിൽ വ്യക്തതയില്ല.
ഇറാനിലെ പരമോന്നത ദേശീയസുരക്ഷാ സമിതിയുടെ അംഗീകാരമില്ലാതെ ആണവോർജ ഏജൻസിയെ പരിശോധനയ്ക്ക് അനുവദിക്കരുതെന്നാണു നിയമത്തിൽ നിർദേശിക്കുന്നത്.