ഇറാനിൽ ശനിയാഴ്ച്ച പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗണ്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ലെന്നു ടെഹ്‌റാൻ അറിയിച്ചു. ഇസ്രയേൽ ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങൾ കൊണ്ടുവരികയാണെന്നു അവർ ആരോപിച്ചു.
തിരിച്ചടിക്കാൻ അവകാശമുണ്ടെന്ന് ഇറാൻ തറപ്പിച്ചു പറയുമ്പോൾ, ഇസ്രയേൽ നടത്തിയ ആക്രമണത്തെ റഷ്യ രൂക്ഷമായി അപലപിച്ചു. കാര്യങ്ങൾ പൊട്ടിത്തെറിയിലേക്ക് എത്തുന്ന സ്ഥിതിയാണെന്നും അവർ പറഞ്ഞു. എല്ലാവരും സംയമനം പാലിക്കണമെന്നു വിദേശകാര്യ വക്താവ് മരിയ സഖറോവ നിർദേശിച്ചു.
ആക്രമണത്തിനു മണിക്കൂറുകൾക്കു മുൻപ് റഷ്യ ഇറാന് ജാഗ്രതാ നിർദേശം നൽകിയിരുന്നു എന്നാണ് റിപ്പോർട്ട്.
ഇസ്രയേലി ആക്രമണത്തിൽ രണ്ടു സൈനികർ കൊലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഇറാന്റെ മിസൈൽ ഫാക്ടറികൾ അടിച്ചു തകർത്തെന്നാണ് ഇസ്രയേൽ പറയുന്നത്. "ഒക്ടോബർ 1നു ഇറാൻ നടത്തിയ ആക്രമണത്തിനുള്ള പ്രതികരണം അവസാനിച്ചു. ദൗത്യം പൂർണമായി."എന്നാൽ നൂറു കണക്കിന് ഇസ്രയേലി പോർ വിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തെന്ന റിപ്പോർട്ടുകൾ ടെഹ്‌റാൻ നിഷേധിച്ചു. തസ്‌നിം ന്യൂസ് ഏജൻസി അതിനെ അതിശയോക്തി എന്നു വിളിച്ചു.
പോർ വിമാനങ്ങൾക്കു ജോർദാനു മീതെ പറക്കാൻ അനുമതി നൽകിയില്ലെന്ന് ജോർദാനും പറഞ്ഞു.
ഇറാൻ വിപ്ലവ ഗാർഡുകളുടെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന ഇസ്രയേലിന്റെ അവകാശവാദവും ഇറാൻ തള്ളി. ടെഹ്‌റാൻ ഓയിൽ റിഫൈനറിയിൽ ആക്രമണം നടത്തിയെന്നു പറയുന്നതും വെറുതെയാണ്. റിഫൈനറി സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ട്.ഇമാം ഖൊമെയ്‌നി എയർപോർട്ട് സിറ്റി ആക്രമിച്ചു ആകാശ പ്രതിരോധ സംവിധാനം തകർത്തെന്ന റിപ്പോർട്ട് സി ഇ ഓ നിഷേധിച്ചു.
വിമാനത്താവളത്തിൽ ആകാശ പ്രതിരോധ സംവിധാനം തന്നെയില്ലെന്നു അദ്ദേഹം പറഞ്ഞു. യാത്രാ വിമാനങ്ങളാണ് വന്നു പോകുന്നത്. ടെഹ്‌റാൻ പ്രവിശ്യയിലെ ഷംസാബാദ് വ്യവസായ മേഖലയിൽ ടക്‌സാസ് ഇന്നവേറ്റേഴ്സ് എന്ന കമ്പനിയുടെ കെട്ടിടം ആക്രമണത്തിൽ തകർന്നു.