പശ്ചിമ ടെഹ്റാനിൽ കഴിഞ്ഞ മാസം ഇറാൻ സുപ്രീം നാഷനൽ കൗൺസിൽ യോഗം നടക്കുമ്പോൾ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനു കാലിൽ പരുക്കേറ്റെന്നു ഇറാൻ വാർത്താ ഏജൻസി ഫാർസ് പറയുന്നു. പരുക്ക് സാരമുള്ളതല്ല.
ജൂൺ 16നു രാവിലെ ആയിരുന്നു ആക്രമണമെന്നു വിപ്ലവ ഗാർഡുകളുടെ നിയന്ത്രണത്തിലുള്ള ഏജൻസി പറഞ്ഞു. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് യോഗം നടന്നിരുന്നത്.
പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, ജുഡീഷ്യറി ചീഫ് മൊഹ്‌സീനി ഏജി എന്നിവരും യോഗത്തിൽ ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ കവാടങ്ങൾ അടയ്ക്കാൻ അവയുടെ നേരെ ഇസ്രയേലി വിമാനങ്ങൾ ആറു ബോംബുകൾ വർഷിച്ചു.
ആരും പുറത്തു കടന്നു രക്ഷപെടരുത് എന്നതായിരുന്നു ഉദ്ദേശ്യം. ലെബനനിൽ ഹിസ്‌ബൊള്ള നേതാവ് ഹസൻ നസ്രള്ളയെ വധിക്കാൻ ഉപയോഗിച്ച രീതി ആയിരുന്നു അതെന്നു ഫാർസ് ചൂണ്ടിക്കാട്ടി.
എന്നാൽ അകത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ രഹസ്യ രക്ഷാ മാർഗം ഉപയോഗിച്ച് പുറത്തു കടന്നു. ആ ശ്രമത്തിലാണ് പ്രസിഡന്റിനു പരുക്കേറ്റത്. ഉള്ളിൽ നിന്നു വിവരം നൽകിയ ഒരാളെ തിരയുന്നുണ്ടെന്നു ഫാർസ് പറഞ്ഞു.
ഇസ്രയേൽ തന്നെ വധിക്കാൻ ശ്രമിച്ചെന്ന് പെസെഷ്കിയാൻ നേരത്തെ ആരോപിച്ചിരുന്നു. "അവർ ശ്രമിച്ചു, പക്ഷെ ഫലിച്ചില്ല."