/sathyam/media/media_files/2026/03/05/a726c48c-15f3-4d4c-83cd-4e3f0a8b6289-2026-03-05-16-10-21.jpg)
ജിദ്ദ: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാന് മേൽ അടിച്ചേൽപിച്ച യുദ്ധം തുടരവേ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് ഇറാൻ പ്രസിഡണ്ട് മസ്ഊദ് പെഷസ്കിയാൻ ബുധനാഴ്ച സന്ദേശം അയച്ചു. ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങളിലെ പല കേന്ദ്രങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സൗഹൃദത്തിന് അടിവരായിട്ടുകൊണ്ടായിരുന്നു ഇറാൻ പ്രസിഡണ്ട് തന്റെ എക്സ്-പ്ലാറ്റ്ഫോം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സന്ദേശം.
ഗൾഫ് രാജാക്കന്മാരെയും അമീർമാരെയും അയല്പക്കത്തെ സഹോദരന്മാർ എന്ന് സാദരം അഭിസംബോധനം ചെയ്ത ഇറാൻ പ്രസിഡണ്ട് തന്റെ രാജ്യം നയതന്ത്രത്തിലൂടെയും ഗൾഫ് ഭരണാധികാരികളുടെ സഹകരണത്തോടെയും യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി. എന്നാൽ, അമേരിക്കൻ-സയണിസ്റ്റ് സംയുക്ത സൈനിക ആക്രമണത്തോടെ സ്വയം പ്രതിരോധിക്കുകയെന്ന ഒരൊറ്റ മാർഗം മാത്രമായിരുന്നു തങ്ങളുടെ മുന്നിലുണ്ടായിരുന്നതെന്നും ഇറാൻ പ്രസിഡന്റിന്റെ സന്ദേശം വ്യക്തമാക്കി.
"നിങ്ങളുടെ എല്ലാവരുടെയും പരമാധികാരത്തെ ടെഹ്‌റാൻ ബഹുമാനിക്കുന്നു" എന്ന് അടിവരയിട്ട ഇറാൻ പ്രസിഡണ്ടിന്റെ ഗൾഫ് ഭരണാധികാരികളോടുള്ള സന്ദേശം "മേഖലയുടെ സുരക്ഷയും സ്ഥിരതയും അവിടുത്തെ രാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങളിലൂടെ നേടിയെടുക്കണം" എന്ന് ഉറപ്പിച്ചു പറഞ്ഞു.
ഫെബ്രുവരി 28 ന് ഇറാനെതിരെ യുഎസ് - ഇസ്രായേൽ സൈന്യങ്ങൾ സംയുകതമായി നടത്തിയ ആക്രമങ്ങങ്ങളിലൂടെ പരമോന്നത നേതാവ് അലി ഖാംനഈ ഉൾപ്പെടെ ഡസൻ കണക്കിന് ഇറാനിയൻ നേതാക്കളാണ് കൊല്ലപ്പെട്ടത്. പ്രതികാരമെന്നോണം ഇസ്രായേൽ, യുഎസ് സൈനിക താവളങ്ങൾ, മിഡിൽ ഈസ്റ്റ്, ഗൾഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഇറാൻ നടത്തുന്ന തിരിച്ചടികളും തുടരുന്നു.
സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, യു എ ഇ, ഒമാൻ, കുവൈറ്റ്, ജോർദാൻ, ഇറാഖ് എന്നിവയുൾപ്പെടെ ഗൾഫിലും പ്രാദേശിക രാജ്യങ്ങളിലുമായി തങ്ങൾ നടത്തുന്നത് യു എസും ഇസ്രായേലും നയിക്കുന്ന ഏകപക്ഷീയമായ "എപ്പിക് ഫ്യൂറി" ആക്രമണങ്ങൾക്കുള്ള നിയമാനുസൃതമുള്ള പ്രത്യാക്രമണം മാത്രമാണ് തങ്ങൾ നടത്തുന്നതെന്നും ഇറാൻ പറയുന്നു.
ആക്രമണങ്ങൾക്ക് ഇരയായ മിക്ക ഗൾഫ് രാജ്യങ്ങളും മറ്റുള്ളവരും ഇറാന്റെ പ്രത്യാക്രമണങ്ങളെ അവരുടെ ഔദ്യോഗിക പ്രസ്താവനകളിൽ വിശേഷിപ്പിക്കുന്നത് ഒരു "വഞ്ചനാപരമായ ആക്രമണം", "പരമാധികാരത്തിന്റെ നഗ്നമായ ലംഘനം", "സിവിലിയന്മാരെയും ആഗോള ഊർജ്ജ വിതരണങ്ങളെയും മനഃപൂർവ്വം ലക്ഷ്യം വച്ചുള്ള ഒരു ലക്ഷ്യം" എന്നിങ്ങനെയാണ്. സ്വയം പ്രതിരോധത്തിനും അവരുടെ പ്രദേശങ്ങളും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കാനുള്ള പൂർണ്ണ അവകാശം തങ്ങൾക്കുണ്ടെന്നും അവർ സൂചിപ്പിക്കുന്നുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us