/sathyam/media/media_files/2025/10/08/trump-2025-10-08-21-30-38.jpg)
ടെഹ്റാൻ: ഇറാനിൽ സൈനിക ഇടപെടൽ നടത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നതിൽ നാല് പ്രധാന അറബ് രാജ്യങ്ങൾ വിജയിച്ചതായി റിപ്പോർട്ട്.
സൗദി അറേബ്യ, ഖത്തർ, ഒമാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ട്രംപിനെ അനുനയിപ്പിക്കാൻ തീവ്രമായ നയതന്ത്ര നീക്കങ്ങൾ നടത്തിയത്.
ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും കൊലപാതകങ്ങൾക്കും അയവ് വന്നതായി ചൂണ്ടിക്കാട്ടി, നിലവിൽ ആക്രമണത്തിനില്ലെന്ന് ട്രംപ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറബ് രാജ്യങ്ങളുടെ ഇടപെടൽ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
ഇറാനെതിരെ യുഎസ് ആക്രമണം നടത്തിയാൽ അത് പശ്ചിമേഷ്യൻ മേഖലയിലാകെ സുരക്ഷാപരമായും സാമ്പത്തികമായും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നാല് രാജ്യങ്ങളും വാഷിംഗ്ടണിനെ അറിയിച്ചു.
ഈ ആഘാതം ഒടുവിൽ അമേരിക്കയെയും ബാധിക്കുമെന്ന് ഗൾഫ് ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞതായാണ് വിവരം.
അതേസമയം, ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തിയാൽ അത് അയൽരാജ്യങ്ങളുമായുള്ള ഇറാന്റെ ബന്ധത്തെ സാരമായി ബാധിക്കുമെന്ന് ടെഹ്റാനും ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്ന സൈനിക നീക്കങ്ങൾ ഒഴിവാക്കാനും സംഘർഷാവസ്ഥ കുറയ്ക്കാനുമാണ് ഈ നയതന്ത്ര നീക്കങ്ങൾ ലക്ഷ്യമിടുന്നത്.
ഇത് ഭാവിയിൽ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് വഴിതുറന്നേക്കാമെന്നും കരുതപ്പെടുന്നു.
തങ്ങളുടെ രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളും യുഎസ് സൈനിക താവളങ്ങളും ഇറാന്റെ പ്രത്യാക്രമണത്തിന് ലക്ഷ്യമായേക്കുമെന്ന ഭയവും ഗൾഫ് രാജ്യങ്ങൾക്കുണ്ട്.
അതേസമയം, ഇറാനിലെ പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, യുഎസ് സൈന്യം സജ്ജമാണെന്ന് ജനുവരി ആദ്യവാരം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാൻ തക്കവണ്ണം അവർ ഇപ്പോൾ ദുർബലരല്ലെന്ന ഇസ്രായേലിന്റെയും അറബ് രാജ്യങ്ങളുടെയും ഉപദേശവും ട്രംപിന്റെ തീരുമാനത്തെ സ്വാധീനിച്ചതായി റിപ്പോർട്ടുകൾ പറയുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us