ഇസ്‌കോണ്‍ ഒരു മതമൗലിക സംഘടനെയെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍. ഇസ്‌കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഹൈക്കോടതിയിലെത്തിയ റിട്ട് ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ പ്രതികരണം.
ഹിന്ദുനേതാവും ഇസ്‌കോണ്‍ സന്യാസിയുമായ ചിന്മോയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍. ബുധനാഴ്ചയാണ് ഇസ്‌കോണ്‍ എന്ന സംഘടന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ കോടതിയില്‍ ഹര്‍ജി സമീപിച്ചത്.
ചിന്മോയ് ദാസിന് ജാമ്യം അനുവദിക്കാത്തതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സൈഫുല്‍ ഇസ്ലാം കൊല്ലപ്പെട്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഇസ്‌കോണിനെപ്പറ്റി കോടതി അറ്റോര്‍ണി ജനറലിനോട് ചോദിച്ചു.
ഇസ്‌കോണ്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയല്ലെന്നാണ് അറ്റോര്‍ണി ജനറലായ മുഹമ്മദ് അസദുസമാന്‍ കോടതിയെ അറിയിച്ചത്. ഇസ്‌കോണ്‍ ഒരു മതമൗലികവാദ സംഘടനയാണെന്നും സര്‍ക്കാര്‍ അവരുടെ പ്രവര്‍ത്തനം നിരീക്ഷിച്ചുവരികയാണെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.
ഇസ്‌കോണ്‍ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടും രാജ്യത്തെ ക്രമസമാധാനനിലയുമായി ബന്ധപ്പെട്ട വിവരങ്ങളുമടങ്ങിയ റിപ്പോര്‍ട്ട് വ്യാഴാഴ്ച രാവിലെ കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.