ചാവേർ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനിൽ 120 ലധികം പേർ കൊല്ലപ്പെട്ടു, ഏറ്റുമുട്ടൽ ഏഴോളം ഇടങ്ങളിൽ

ആക്രമണങ്ങളിൽ പതിനെട്ട് സാധാരണക്കാരും, 15 സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.

New Update
images

 ഇസ്ലാമാബാദ്: പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ ശനിയാഴ്ച ഉണ്ടായ വിവിധ ആക്രമണങ്ങളിൽ 120 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 

Advertisment

ഏഴോളം ഇടങ്ങളിലായുണ്ടായ ചാവേർ ആക്രമണം, വെടിവെപ്പ് തുടങ്ങിയ സംഭവങ്ങളിൽ സാധാരണക്കാരുൾപ്പെടെ 33 പേരും, സുരക്ഷാ സേന നടത്തിയ തിരിച്ചടിയിൽ 92 അക്രമികളും കൊല്ലപ്പെട്ടെന്നാണ് പാക് സൈന്യത്തിന്റെ വിശദീകരണം. 

സാധാരണക്കാരെയും, ഉയർന്ന സുരക്ഷയുള്ള ജയിൽ, പൊലീസ് സ്റ്റേഷനുകൾ, അർദ്ധസൈനിക കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ നടന്നത്. 

ആക്രമണങ്ങളിൽ പതിനെട്ട് സാധാരണക്കാരും, 15 സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. ബലൂച് വിഘടനവാദികളും പാക് താലിബാനും ബലൂചിസ്ഥാനിലും പാകിസ്ഥാനിൽ ആക്രമണം നടത്തുന്നത് പതിവാണ്. എന്നാൽ, അടുത്തിടെ നടന്ന ഏറ്റവും ബൃഹത്തായതും സംഘടിതവുമായ ആക്രമാണ് ശനിയാഴ്ച ഉണ്ടായതെന്നും സൈന്യം വിശദീകരിക്കുന്നു. 

എന്നാൽ, ബലൂചിസ്ഥാനിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ സൈന്യം നടത്തിയ തിരിച്ചടികളിൽ കുറഞ്ഞത് 133 തീവ്രവാദികൾ കൊല്ലപ്പെട്ടതായും അധികൃതർ അറിയിച്ചു. ശനിയാഴ്ച കൊല്ലപ്പെട്ട 92 പേർ ഉൾപ്പെടെയുള്ള കണക്കുകളാണ് സൈന്യം പങ്കുവച്ചിട്ടുള്ളത്.

നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണങ്ങളിൽ സംഘടനയുടെ വനിതാ പ്രവർത്തകരുൾപ്പെടെ പങ്കെടുത്തതായും ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടു. 

ഇത് സാധൂകരിക്കുന്ന വിഡിയോകളും സംഘടന പുറത്തുവിട്ടു. ആക്രമണങ്ങളിൽ ചില ബാങ്കുകൾ കൊള്ളയടിക്കുകയും ഒരു പോലീസ് സ്റ്റേഷനിൽ നിന്നും ആയുധങ്ങൾ കൈക്കലാക്കിയതായും റിപ്പോർട്ടുകളുണ്ട്. നിരവധി വാഹനങ്ങളും അഗ്നിക്കിയായി.

ആക്രമണം നടത്തുന്നതിന് ബലൂച് വിഘടനവാദികൾക്ക് ഇന്ത്യയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി ആരോപിച്ചു. നേരത്തെയും സമാനമായ ആരോപണം പാകിസ്ഥാൻ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഇതിനോട് പ്രതികരിച്ചിരുന്നില്ല.

Advertisment