'സ്വന്തം വീഴ്ചകൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്. നാട്ടിലെ പ്രശ്നങ്ങൾക്ക് അയൽക്കാരെ കുറ്റപ്പെടുത്തുന്ന ശീലം നിർത്തണം'; സ്വന്തം മണ്ണിലെ ഭീകരതയ്ക്ക് ഇന്ത്യയെ പഴിചാരേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

ബലൂചിസ്ഥാനിലുണ്ടായ ആക്രമണങ്ങളിലും ഇന്ത്യക്ക് പങ്കുണ്ടെന്ന് ആഴ്ചകള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു.

New Update
Untitled

ഡല്‍ഹി: ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ആക്രമണത്തിന് പിന്നില്‍ വിദേശ ശക്തികളാണെന്ന പാകിസ്ഥാന്റെ ആരോപണത്തെ തള്ളിയ ഇന്ത്യ, സ്വന്തം രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പാക് നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും വ്യക്തമാക്കി.

Advertisment

വെള്ളിയാഴ്ച ഇസ്ലാമാബാദിലെ ഷെഹ്സാദ് ടൗണിലുള്ള തര്‍ലായ് ഇമാംബര്‍ഗ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 150-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച ഇന്ത്യ, ഭീകരവാദത്തിന്റെ ഏത് രൂപത്തെയും ശക്തമായി എതിര്‍ക്കുന്നതായും വ്യക്തമാക്കി.

സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന തരത്തിലുള്ള പാകിസ്ഥാന്റെ ഒളിയമ്പുകളെ ഇന്ത്യ പൂര്‍ണ്ണമായും തള്ളി. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അര്‍ത്ഥശൂന്യവുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

സ്വന്തം രാജ്യത്തെ സാമൂഹിക പ്രശ്‌നങ്ങളും ആഭ്യന്തര വീഴ്ചകളും പരിഹരിക്കുന്നതിന് പകരം, 'സ്വന്തം നാട്ടിലെ രോഗങ്ങള്‍ക്ക് മറ്റുള്ളവരെ പ്രതിയാക്കി സ്വയം വഞ്ചിക്കുകയാണ് പാകിസ്ഥാന്‍' എന്ന് ഇന്ത്യ പരിഹസിച്ചു.


വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ ഒത്തുകൂടിയ സമയത്താണ് ചാവേര്‍ ആക്രമണമുണ്ടായത്. പള്ളിയുടെ കവാടത്തില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കാവല്‍ക്കാര്‍ തടഞ്ഞതിനാല്‍ വലിയൊരു ദുരന്തം ഒഴിവായതായും റിപ്പോര്‍ട്ടുകളുണ്ട്.


ബലൂചിസ്ഥാനിലുണ്ടായ ആക്രമണങ്ങളിലും ഇന്ത്യക്ക് പങ്കുണ്ടെന്ന് ആഴ്ചകള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളിലൂടെ ലോകശ്രദ്ധ തിരിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്ന് ഇന്ത്യ ആവര്‍ത്തിച്ചു.

Advertisment