/sathyam/media/media_files/2025/09/03/photos127-2025-09-03-07-42-43.jpg)
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ പതിനൊന്ന് പേർ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറൻ നഗരമായ ക്വറ്റയിൽ ഇന്നലെയായിരുന്നു സ്ഫോടനം.
ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ പരിപാടിക്കിടെയായിരുന്നു സംഭവം. മുപ്പതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
ചാവേർ ആക്രമണമെന്നാണ് നിഗമനം. ആക്രമണത്തിൻറെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. റാലി കഴിഞ്ഞ് ജനങ്ങൾ മടങ്ങുന്നതിനിടെ പാർക്കിങ് സ്ഥലത്ത് വെച്ചാണ് ബോംബ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.
നൂറുകണക്കിന് ബലൂചിസ്ഥാൻ നാഷണൽ പാർട്ടി പ്രവർത്തകരാണ് സ്ഥലത്തുണ്ടായിരുന്നത്. അപകടം നടന്നയുടനെ ആംബുലൻസുകളിലായി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ബലൂചിസ്ഥാൻ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. സ്ഫോടനം നടന്ന സ്ഥലം സീൽ ചെയ്തു.
സംഭവത്തെ ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് അപലപിച്ചു. മനുഷ്യത്വത്തിൻറെ ശത്രുക്കളായിട്ടുള്ളവരുടെ ഭീരുത്വ നടപടിയാണിതെന്നും നിരപരാധികളായ പൗരന്മാരാണ് കൊല്ലപ്പെട്ടതെന്നും തീവ്രവാദികളുടെ ഇത്തരം ചെയ്തികളെ പ്രതിരോധിക്കുമെന്നും സർഫ്രാസ് വ്യക്തമാക്കി.
ഇതിനിടെ, കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 1411 പേർ മരിച്ചുവെന്നാണ് താലിബാൻ ഭരണകൂടത്തിൻറെ ഔദ്യോഗിക കണക്ക്.
3000ലേറെ പേർക്ക് പരിക്കേറ്റതായും 5000 ലേറെ വീടുകൾ തകർന്നതായും താലിബാൻ സർക്കാരിൻറെ വക്താവ് അറിയിച്ചു. നിരവധിയാളുകൾ ഇപ്പോഴും കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.