ബെയ്‌റൂട്ട്: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സാണ് (ഐഡിഎഫ്) 'എക്‌സി'ലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ഹിസ്ബുള്ളയുടെ തീവ്രവാദ കരുത്തും അടിസ്ഥാന സൗകര്യങ്ങളും തകർക്കാൻ നിലവിൽ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെന്ന് ഐഡിഎഫ് വ്യക്തമാക്കി.
പതിറ്റാണ്ടുകളായി, ഹിസ്ബുള്ള സിവിലിയൻ ഭവനങ്ങൾ ആയുധമാക്കുകയും അവയ്ക്ക് താഴെ തുരങ്കങ്ങൾ കുഴിക്കുകയും സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുകയും ചെയ്തുവെന്നും, തെക്കൻ ലെബനനെ ഒരു യുദ്ധമേഖലയാക്കി മാറ്റിയെന്നും ഐഡിഎഫ് പ്രതികരിച്ചു.
ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നടപടി ഇസ്രായേൽ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് പറഞ്ഞു.
അതേസമയം, പേജര്‍ സ്‌ഫോടനപരമ്പരയ്ക്ക് പിന്നാലെ ഇസ്രയേലിനെതിരേ രൂക്ഷപ്രതികരണവുമായി ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ല രംഗത്തെത്തി. ലെബനൻ്റെ അഭൂതപൂർവമായ ചെറുത്തുനിൽപ്പിൻ്റെ ചരിത്രത്തിലെ വലിയ സുരക്ഷാ, സൈനിക പ്രഹരത്തിന് തങ്ങള്‍ വിധേയരായതായി ഹസൻ നസ്രല്ല ടെലിവിഷന്‍ സന്ദേശത്തില്‍ പറഞ്ഞു.
ഇത്തരത്തിലുള്ള കൊലപാതകങ്ങളും ലക്ഷ്യമിടലും കുറ്റകൃത്യങ്ങളും ലോകത്ത് അഭൂതപൂർവമായേക്കാം. ആക്രമണങ്ങള്‍ എല്ലാ സീമകളും ലംഘിച്ചു. ശത്രു എല്ലാ നിയന്ത്രണങ്ങൾക്കും നിയമങ്ങൾക്കും ധാർമ്മികതകൾക്കും അപ്പുറത്തേക്ക് പോയി. ആക്രമണങ്ങളെ യുദ്ധക്കുറ്റങ്ങളായോ യുദ്ധ പ്രഖ്യാപനമായോ കണക്കാക്കാമെന്നും ഹസൻ നസ്രല്ല പറഞ്ഞു.
തെക്കൻ ലെബനനിലേക്ക് ഇസ്രായേൽ സൈന്യം പ്രവേശിക്കുമെന്ന് ഹിസ്ബുള്ള പ്രതീക്ഷിക്കുന്നതായി നസ്‌റല്ല പറഞ്ഞു