വെസ്റ്റ് ബാങ്കിൽ കനത്ത ആക്രമണം തുടരുന്നതിനിടെ ഗാസയിൽ പോളിയോ വാക്സീൻ നല്കാൻ വേണ്ടി വെടിനിർത്തൽ നടപ്പാക്കാമെന്ന് ഇസ്രയേൽ സമ്മതിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ലിയു എച് ഒ) അറിയിച്ചു. ജൂണിൽ യുദ്ധഭൂമിയിൽ 25 വർഷത്തിനിടെ ആദ്യമായി പോളിയോ വൈറസ് കണ്ടെത്തിയതിനെ തുടർന്നാണ് 640,000 കുട്ടികൾക്ക് അടിയന്തരമായി വാക്സീൻ നൽകണമെന്ന ആവശ്യം യുഎൻ ഉന്നയിച്ചത്.
ഓഗസ്റ്റ് 23ന് ടൈപ് ടു പോളിയോ ബാധിച്ച് 10 മാസം പ്രായമായ കുട്ടിയ്ക്ക് ഒരു കാലില്‍ തളർവാതം കണ്ടെത്തിയതോടെ നീക്കം കൂടുതൽ പിന്തുണ നേടി.സെപ്റ്റംബർ 1 മുതൽ മൂന്നു ഘട്ടങ്ങളിലായാണ് വാക്സീൻ നൽകുകയെന്നു ഡബ്ലിയു എച് ഒ പ്രതിനിധി റിക് പെപ്പെർക്കോൺ അറിയിച്ചു. മധ്യഗാസയിൽ ആദ്യം മൂന്ന് ദിവസം വെടിനിർത്തും.
പിന്നെ തെക്കൻ ഗാസയിലും മൂന്നാം ഘട്ടത്തിൽ വടക്കൻ മേഖലയിലും. ഹമാസും ഇതിനു സമ്മതിച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ പുലർച്ചെ ആറ് മണിക്കും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കുമിടയില്‍ വെടിനിർത്തലായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നാലാഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് വാക്സിൻ ആവശ്യമായി വരുമെന്നും പെപ്പെർക്കോൺ അറിയിച്ചു.ഗാസ മുനമ്പിൽ 10 വയസില്‍ താഴെയുള്ള ആറര ലക്ഷം പലസ്തീനിയൻ കുഞ്ഞുങ്ങളുണ്ടെന്നു ഹമാസ് വക്താവ് ബസെം നയിം പറഞ്ഞു.ഇസ്രയേല്‍ സൈന്യവുമായി സഹകരിച്ചാണ് വാക്സിൻ വിതരണം നടക്കുക. കരെം ഷാലോമിലൂടെ ഇതിനകം വാക്സിൻ ഗാസയിലെത്തിച്ചിട്ടുണ്ട്.