ഗാസ പിടിച്ചടക്കൽ ലക്ഷ്യമിട്ട് വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. 12 കുട്ടികൾ ഉൾപ്പെടെ 32 പേർ കൊല്ലപ്പെട്ടു. പലസ്തീനികളോട് നാട് വിടാൻ ഇസ്രയേൽ അന്ത്യശാസനം. ബോംബ് വർഷം കടുപ്പിച്ചത് ഖത്തറിലെ ആക്രമണത്തിന് പിന്നാലെ

New Update
Gaza

ഗാസ: ഗാസ പിടിച്ചടക്കുന്നതിന്‍റെ ഭാഗമായി വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. തുടർച്ചയായ ആക്രമണങ്ങളിൽ 12 കുട്ടികൾ അടക്കം 32 പേർ കൊല്ലപ്പെട്ടതായി ഷിഫാ ആശുപത്രി അധികൃതർ അറിയിച്ചു. 

Advertisment

ഗാസയിൽ ഉടനീളമുള്ള ബഹുനിലക്കെട്ടിടങ്ങളിൽ ഹമാസ് നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചു എന്നാരോപിച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.


ഗാസ പൂർണമായും പിടിച്ചെടുക്കുന്നതിന്‍റെ ഭാഗമായി ജനങ്ങളോട് ജനിച്ച മണ്ണ് വിട്ടുപോകാൻ ഇസ്രയേൽ അന്ത്യശാസനം നൽകിയിരുന്നു. ഇതിന്റെ ഭാഗമാണ് ആക്രമണങ്ങൾ എന്ന് വ്യക്തമാണ്. കടുത്ത പട്ടിണി മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്ക് മേലാണ് ബോംബുകൾ വർഷിച്ചത്.


കൊല്ലപ്പെട്ടവരിൽ അമ്മയും മൂന്ന് കുട്ടികളും ഉൾപ്പെടെ പത്ത് പേരടങ്ങുന്ന ഒരു കുടുംബവുമുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. കനത്ത ബോംബാക്രമണത്തിന് ശേഷമുള്ള തകർന്ന കെട്ടിടങ്ങളുടെയും പുക ഉയരുന്നതിന്റെയും ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. 

തുടർന്ന് ഇന്ന് ഇസ്രയേൽ സൈന്യം ഗാസ സിറ്റിയിലെ ശേഷിക്കുന്ന പലസ്തീനികളോട് ഉടൻ സ്ഥലം വിടണമെന്ന് സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രായേൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഗാസയിൽ ബോംബ് വർഷം കടുപ്പിച്ചത്. 

Advertisment