/sathyam/media/media_files/2025/10/01/gasa-2025-10-01-21-06-21.jpg)
ഗാസ: ഗാസയിൽ ഇസ്രയേലിന്റെ തുടർച്ചയായ വ്യോമാക്രമണത്തിൽ വീണ്ടും മരണം. ബുധനാഴ്ച നടന്ന ആക്രമണത്തിൽ 16 പലസ്തീൻകാർ കൊല്ലപ്പെട്ടു.
ഗാസ സിറ്റിയിലെ കുടിയിറക്കപ്പെട്ടവർക്ക് അഭയം നൽകിയിരുന്ന ഒരു സ്കൂളിലും നുസൈറാത്ത് അഭയാർഥി ക്യാമ്പിലും കുടിവെള്ള ടാങ്കിന് മേലുമാണ് ബോംബാക്രമണം ഉണ്ടായത്. കിഴക്കൻ സെയ്തൂൺ പരിസരത്തുള്ള അൽ-ഫലാഹ് സ്കൂളിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് തവണയാണ് ആക്രമണമുണ്ടായത്.
ഗാസ സിറ്റിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു കുടിവെള്ള ടാങ്കിന് ചുറ്റും തടിച്ചുകൂടിയ ആളുകൾക്കെതിരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചതായി അൽ അഹ്ലി ആശുപത്രി അധികൃതർ അറിയിച്ചു.
നഗരത്തിന് പടിഞ്ഞാറുള്ള അപ്പാർട്ട്മെന്‍റിൽ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹം ലഭിച്ചതായി ഷിഫ ആശുപത്രിയും അറിയിച്ചു.
മധ്യ ഗാസയിലെ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം നടത്തി. ഒരു ഭർത്താവും ഭാര്യയും കൊല്ലപ്പെട്ടതായി അൽ-ഔദ ആശുപത്രി അറിയിച്ചു. ബുറൈജ് അഭയാർത്ഥി ക്യാമ്പിലും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്.
ഗാസയിലെ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെടുകയും 170,000-ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നത്. ഇതിൽ പകുതിയും സ്ത്രീകളും കുട്ടികളുമാണ്.