ഗാസ: പലസ്തീനിൽ വിപുലമായ പോളിയോ വാക്സിനേഷൻ യജ്ഞത്തിന് ആരോഗ്യപ്രവർത്തകർ തീവ്രശ്രമം നടത്തുന്നതിനിടെ മധ്യ, ദക്ഷിണ ഗാസയിൽ ഇസ്രയേൽ സേന നടത്തിയ കനത്ത ആക്രമണങ്ങളിൽ 49 പേർ കൊല്ലപ്പെട്ടു.ഇതിനിടെ ഗാസ ബന്ദികളാക്കിയ ആറ് തടവുകാരുടെ മൃതദേഹം റാഫ നഗരത്തിന് കീഴിലുള്ള ഒരു തുരങ്കത്തിൽ നിന്ന് ഇസ്രായേൽ സൈന്യം കണ്ടെടുത്തു.
പോളിയോ വാക്സീൻ നൽകുന്നതിനായി ദിവസവും പകൽ 8 മണിക്കൂർ വെടിനിർത്തലിന് തയാറാണെന്ന് ഹമാസും ഇസ്രയേലും അറിയിച്ചതിനെത്തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വാക്സിനേഷൻ നടപ്പാക്കുന്നത്.
കഴിഞ്ഞയാഴ്ച ഗാസയിൽ ഒരു കുട്ടി പോളിയോ ബാധ മൂലം ഭാഗികമായി തളർന്നതു കണ്ടെത്തിയിരുന്നു. ഖാൻ യൂനിസ്, നുസിറിയേത്ത്, റഫാ എന്നിവിടങ്ങളിലാണ് ശക്തമായ ആക്രമണം നടന്നത്. റാഫ നഗരത്തിൻ്റെ വടക്കുപടിഞ്ഞാറൻ മേഖലകളിലും ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തി
നുസിറിയേത്തിൽ ഒരു കുടുംബത്തിലെ 9 പേർ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു. ടെന്റ് ലൈഫ് എന്ന പേരിൽ ടിക്ടോക് വിഡിയോ ഷോയിലൂടെ പ്രസിദ്ധനായ 19കാരൻ മെഡോ ഹലീമി ആക്രമണത്തിൽ കൊല്ലപ്പെട്ടു. റഫയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇസ്രായേൽ സൈന്യം കൂടുതൽ പാർപ്പിട കെട്ടിടങ്ങൾ തകർത്തതായി റിപ്പോർട്ടുണ്ട്.