ടെല്‍അവീവ്: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമാകുകയാണ്. വടക്കന്‍ ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളിന് നേരെ വെള്ളിയാഴ്ച ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
ഗാസയിലെ ഒരു സ്‌കൂളില്‍ ഉണ്ടായ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പുതിയ ആക്രമണം. ഹമാസ് ഭീകരര്‍ സ്‌കൂളുകള്‍ക്കുള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്.
വ്യാഴാഴ്ചത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 17 ഭീകരരുടെ പേരുവിവരങ്ങളും വെള്ളിയാഴ്ച ഇസ്രായേല്‍ പുറത്തുവിട്ടു. വെള്ളിയാഴ്ച സെന്‍ട്രല്‍ ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 28 പേര്‍ കൊല്ലപ്പെട്ടു.
ഈജിപ്തിന്റെ അതിര്‍ത്തിയില്‍ നിയന്ത്രണം ഏറ്റെടുത്ത ടാങ്കുകള്‍ പടിഞ്ഞാറ് ഭാഗത്തേക്കും തെക്കന്‍ നഗരത്തിന്റെ മധ്യഭാഗത്തേക്കും നിരവധി ആക്രമണങ്ങള്‍ നടത്തിയതായും നിരവധി താമസക്കാര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച നുസൈറാത്ത്, മഗാസി അഭയാര്‍ത്ഥി ക്യാമ്പുകളിലും ദെയ്ര്‍ അല്‍-ബലാഹ്, സവായ്ദ പട്ടണങ്ങളിലും ആക്രമണം ഉണ്ടായി. ടണല്‍ ഷാഫ്റ്റുകളില്‍ ഒളിച്ചിരുന്ന ഡസന്‍ കണക്കിന് ഭീകരരെ തങ്ങളുടെ സൈന്യം വധിച്ചതായും പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു.