ബെയ്ത് ലാഹിയ: ഗാസയിലെ ബെയ്ത് ലാഹിയയില്‍ അഭയാര്‍ഥി കുടുംബങ്ങള്‍ താമസിക്കുന്ന അഞ്ച് നില റെസിഡന്‍ഷ്യല്‍ കെട്ടിടം ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തു. 93 പലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
അവശിഷ്ടങ്ങള്‍ നീക്കം ചെയ്താലേ മരണ വ്യാപ്തി മനസ്സിലാകുകയുള്ളൂ. ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും വന്നവരായിരുന്നു ആക്രമണത്തിന് ഇരയായവര്‍. കെട്ടിട ഉടമയും ബന്ധുക്കളും ഇവിടെയുണ്ടായിരുന്നു.
ഗാസയിലെ വടക്കന്‍ ഭാഗത്തുള്ള അല്‍-അവ്ദ ഹോസ്പിറ്റലിലേക്കാണ് പരുക്കേറ്റവരെ കൊണ്ടുപോയത്. പരിമിത സാഹചര്യങ്ങളില്‍ പ്രവര്‍ത്തനക്ഷമമായ ചുരുക്കം ആശുപത്രികളിലൊന്നാണിത്. പരുക്കേറ്റവരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ആശുപത്രിക്ക് കഴിയുന്നില്ല. 2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 43,020 പേര്‍ കൊല്ലപ്പെടുകയും 101,110 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഇസ്രായേല്‍ സൈന്യം ആശുപത്രിക്ക് ചുറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
''നമ്മുടെ ജനങ്ങള്‍ക്കെതിരെ ശത്രുക്കള്‍ മറ്റൊരു ഭീകരമായ കൂട്ടക്കൊല നടത്തി, വടക്കന്‍ ഗാസ വംശീയ ഉന്മൂലനത്തിനും വ്യവസ്ഥാപിതമായ കുടിയൊഴിപ്പിക്കലിനും വിധേയമായിക്കൊണ്ടിരിക്കുകയാണ്,'' ബെയ്ത് ലാഹിയ ആക്രമണത്തെ അപലപിച്ച് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
യുഎന്‍ സഹായ ഏജന്‍സിക്ക് ഹമാസുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് ഇസ്രായേല്‍ പാര്‍ലമെന്റ് യുഎന്‍ആര്‍ഡബ്ല്യുഎയെ നിരോധിച്ചു. ഒക്ടോബര്‍ 6 മുതല്‍, വടക്കന്‍ ഗാസയില്‍, പ്രത്യേകിച്ച് ജബാലിയ, ബെയ്ത് ലാഹിയ, ബെയ്ത് ഹനൂന്‍ എന്നിവിടങ്ങളില്‍ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി.
ചൊവ്വാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍, കഴിഞ്ഞ ദിവസം ജബാലിയയില്‍ നിരവധി കര-വ്യോമ ആക്രമണങ്ങള്‍ നടത്തിയതായും 40 ഓളം തീവ്രവാദികളെ വധിച്ചതായും സൈന്യം അറിയിച്ചു.
ആക്രമണം ആരംഭിച്ചതിനുശേഷം പതിനായിരക്കണക്കിന് പലസ്തീനികള്‍ വടക്കന്‍ ഗാസയില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. അതേസമയം സിവില്‍ ഡിഫന്‍സ് ഏജന്‍സി നൂറുകണക്കിന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.