ടെഹ്റാന്‍: ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ഖര ഇന്ധനം പകരാന്‍ ഇറാന്‍ ഉപയോഗിച്ച കെട്ടിടം ശനിയാഴ്ച നടന്ന ഇസ്രായേല്‍ ആക്രമണത്തിനിടെ തകര്‍ന്നതായി അമേരിക്കന്‍ ഗവേഷകര്‍. തങ്ങളുടെ വാദത്തിന് ബലം പകരാന്‍ ഉപഗ്രഹ ചിത്രങ്ങളും ഇവര്‍ തെളിവായി ചൂണ്ടിക്കാട്ടി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി റിസര്‍ച്ച് ഗ്രൂപ്പിന്റെ തലവനായ മുന്‍ യുഎന്‍ ആയുധ ഇന്‍സ്പെക്ടര്‍ ഡേവിഡ് ആല്‍ബ്രൈറ്റ്, വാഷിംഗ്ടണ്‍ തിങ്ക് ടാങ്കായ സിഎന്‍എയിലെ അസോസിയേറ്റ് റിസര്‍ച്ച് അനലിസ്റ്റ് ഡെക്കര്‍ എവലെത്ത് എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ടെഹ്റാനടുത്തുള്ള വന്‍ സൈനിക സമുച്ചയമായ പാര്‍ച്ചിനെ ഇസ്രായേല്‍ ആക്രമിച്ചതായി അവര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
ടെഹ്റാനടുത്തുള്ള മിസൈല്‍ നിര്‍മ്മാണ കേന്ദ്രമായ ഖോജിറിനെയും ഇസ്രായേല്‍ ആക്രമിച്ചതായി എവെലെത്ത് പറയുന്നു. ഇസ്രായേല്‍ ആക്രമണങ്ങള്‍ മിസൈലുകള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഇറാന്റെ കഴിവിനെ കാര്യമായി തടസ്സപ്പെടുത്തിയിരിക്കാമെന്നും എവലെത്ത് പറഞ്ഞു.
ഖോജിര്‍ വന്‍തോതില്‍ വിപുലീകരിക്കപ്പെടുകയാണെന്ന് ജൂലൈയില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനെതിരെ 200-ലധികം മിസൈലുകള്‍ ടെഹ്റാന്‍ പ്രയോഗിച്ചതിന് പ്രതികാരമായി ശനിയാഴ്ച പുലര്‍ച്ചെ ടെഹ്റാനടുത്തും പടിഞ്ഞാറന്‍ ഇറാനിലുമുള്ള മിസൈല്‍ ഫാക്ടറികളിലും മറ്റ് സൈറ്റുകളിലും ഇസ്രായേലി ജെറ്റുകള്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിക്കുകയായിരുന്നു.