ബെയ്‌റൂട്ട്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെടുകയും 156 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ബാല്‍ബെക്ക്-ഹെര്‍മല്‍ ജില്ലയില്‍ 11 പേരും നബാത്തി ഗവര്‍ണറേറ്റില്‍ 22 പേരും ബെയ്‌റൂട്ടിലും മൗണ്ട് ലെബനനിലും മൂന്ന് വീതവും സൗത്ത് ഗവര്‍ണറേറ്റില്‍ 16 പേരും മരിച്ചു.
സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ലെബനനില്‍ നിന്ന് ചൈനീസ് പൗരന്മാരെ ഒഴിപ്പിച്ചു. 146 ചൈനീസ് പൗരന്മാരും അവരുടെ അഞ്ച് കുടുംബാംഗങ്ങളെയും ഒരു ചാര്‍ട്ടര്‍ വിമാനത്തില്‍ ലെബനനില്‍ നിന്ന് ബുധനാഴ്ച ബെയ്ജിംഗില്‍ എത്തിയതായി ചൈനയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന എല്ലാ ചൈനീസ് പൗരന്മാരും രാജ്യം വിട്ടതായും ലെബനനിലെ ചൈനീസ് എംബസിയുടെ പ്രവര്‍ത്തനം തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.