ഗാസ സിറ്റി: തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയ യഹൂദിത്ത് വെയ്സ് എന്ന അറുപത്തഞ്ചുകാരിയെ ഹമാസ് വധിച്ചതായി ഇസ്രയേല്‍ സേന. ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്കു സമീപമുള്ള കെട്ടിടത്തില്‍ നിന്നാണ് യഹൂദിത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണു വധിച്ചതെന്നതടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ സേന പുറത്തുവിട്ടിട്ടില്ല. ഇസ്രയേലിലേക്ക് തിരികെയെത്തിച്ച മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
അഞ്ച് മക്കളുടെ അമ്മയായ യഹൂദിത്ത് അര്‍ബുദ ബാധിതയായിരുന്നു. ഒക്റ്റോബര്‍ ഏഴിന് ഹമാസ് തട്ടിക്കൊണ്ടു പോകുമ്പോള്‍ സ്തനാര്‍ബുദം സ്ഥിരീകരിച്ചിട്ട് മൂന്നു മാസമേ ആയിരുന്നുള്ളൂ. ചികിത്സയുടെ ഭാഗമായി റേഡിയേഷന്‍ തുടരുമ്പോഴാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. ബീരി കിബൂട്സിലെ വസതിയില്‍ നിന്നാണ് യഹൂദിത്തിനെ ഹമാസ് തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയത്. യഹൂദിത്തിന്‍റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചതായും ബന്ദികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇസ്രയേല്‍ സേന വക്താവ് ഡാനിയല്‍ ഹാഗറി അറിയിച്ചു.
മൃതദേഹം ലഭിച്ചയിടത്ത് നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. അതേസമയം അല്‍ ഷിഫ ആശുപത്രിയുടെ കംപ്യൂട്ടറില്‍ നിന്ന് ബന്ദിയാക്കപ്പെട്ടവരുടെ വിവരങ്ങള്‍ ലഭിച്ചുവെന്ന് ഇസ്രയേല്‍ സേന അവകാശപ്പെടുന്നു. ദീര്‍ഘകാലമായി അല്‍ ഷിഫ ഹമാസിന്റെ ആയുധ ശേഖരണ കേന്ദ്രമായിരുന്നെന്നും ഇസ്രയേല്‍ ആവര്‍ത്തിക്കുന്നു. ആശുപത്രിയുടെ പുറത്ത് നിന്ന് ആരംഭിക്കുന്ന ഒരു ടണലിന്‍റെ വിഡിയൊയും സേന പുറത്തുവിട്ടിട്ടുണ്ട്. ആയുധങ്ങള്‍ നിറഞ്ഞ ഒരു വാഹനവും പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്നതായും സേന സ്ഥിരീകരിക്കുന്നു.