/sathyam/media/media_files/2025/07/20/jyhggg-2025-07-20-02-33-56.jpg)
ഗാസ: ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതിനു പുരോഹിതര്‍ സ്ഥലത്തെത്തി വിശ്വാസികളുമായി സംസാരിച്ചു. മുതിര്‍ന്ന ക്രിസ്ത്യന്‍ പുരോഹിതരാണ് ഗാസയിലെത്തി വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയത്. ഗാസയിലെ ഏക കത്തോലിക്ക പള്ളിക്കു നേരെയാണ് കഴിഞ്ഞ ദിവസം ഇസ്രായേലിന്റെ ആക്രമണമുണ്ടായത്.
ഇസ്രയേലിന്റെ നടപടി അന്താരാഷ്ട്രതലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കു കാരണമായിരുന്നു. ജറുസലേമിലെ കത്തോലിക്ക സഭായുടെ തലവന്‍ പിര്‍ബാറ്റിസ്ററ പിസാബല്ലാ, ഗ്രീക്ക് ഓര്‍ത്തഡോക്സ് തലവന്‍ തിയോഫിലോസ് മൂന്നാമന്‍ എന്നിവരാണ് വിശ്വാസികളെ കാണാന്‍ ഗാസയിലെത്തിയത്. മുനമ്പില്‍ ഈയടുത്ത് നടന്ന ആക്രമണങ്ങളില്‍ സഭാനേതാക്കള്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയും പ്രാദേശിക ക്രിസ്ത്യന്‍ സമൂഹത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. അനാവശ്യമായ ഈ കൂട്ടക്കൊല നിര്‍ത്തണമെന്ന് ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ജറുസലേമിലെ തലവനും ആവശ്യപ്പെട്ടു.
ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ചര്‍ച്ച് ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ തകര്‍ന്നിരുന്നു. രണ്ടുപേര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയായിരിക്കെ പലസ്തീനിലെ സ്ഥിതിഗതികള്‍ അദ്ദേഹത്തെ അറിയിച്ചുകൊണ്ടിരുന്ന ഇടവക വികാരി ഫാ. ഗബ്രിയേലെ റോമനെല്ലിയുടെ കാലിന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ലിയോ പതിനാലാമന്‍ മാര്‍പാപ്പയും ആക്രമണത്തെ അപലപിച്ചു. ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആയിരത്തോളം ക്രിസ്ത്യാനികളാണ് ഗാസയിലുള്ളത്.