/sathyam/media/media_files/2026/03/09/mojtaba-khamenei-2026-03-09-14-09-58.jpg)
ജിദ്ദ: ഞായറാഴ്ച സ്ഥാനമേറ്റ ഇറാനിലെ പുതിയ സുപ്രീം നേതാവിനെയും വകവരുത്തുമെന്ന് ഇസ്രായേലി പാർലമെന്റ് സ്പീക്കർ അമീർ ഒഹാന മണിക്കൂറുകൾക്കകം ഭീഷണി മുഴക്കി. പുതിയ യുദ്ധത്തിന് വിത്തിട്ട് ഫെബ്രുവരി 28 ന് ടെഹ്‌റാനിൽ നടന്ന ഇസ്രായേൽ - അമേരിക്കൻ സംയുക്ത ആക്രമണത്തിലായിരുന്നു സുപ്രീം നേതാവ് അലി ഖാംനഈ കൊല്ലപ്പെട്ടത്. പിതാവിന്റെ പിൻഗാമിയായി സ്ഥാനമേറ്റ ഇറാന്റെ പുതിയ സുപ്രീം നേതാവ് മൊജ്തബ ഖാംനഈയെയും വധിക്കുമെന്നാണ് ഇസ്രായേലി പാർലമെന്റ് സ്പീക്കർ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
ഇസ്രായേൽ കൊലപ്പെടുത്തിയ ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതാക്കൾക്കൊപ്പമുള്ള മുൻ സുപ്രീം നേതാവ് അലി ഖാംനഈയുടെ ഒരു ചിത്രം ഒഹാന എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തുകൊണ്ട് "ഇവരുടെ പാത പിന്തുടരുന്നവരുടെ വിധിയും അതുതന്നെയായിരിക്കും" എന്ന് രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം, പുതിയ സുപ്രീം നേതാവിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ സംബന്ധിക്കുന്നവരെ ലക്ഷ്യമിടുന്നതിനെതിരെ കഴിഞ്ഞ ദിവസം ഇസ്രായേൽ സൈനിക വക്താവ് നടത്തിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. "ഇറാനിലെ ഖും നഗരത്തിൽ ചേരാൻ ഉദ്ദേശിക്കുന്ന വിദഗ്ദ്ധരുടെ അസംബ്ലിയെ ലക്ഷ്യമിടുന്നതിനെതിരെ ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു" എന്നായിരുന്നു ഇസ്രായേൽ സൈനിക വക്താവ് നടത്തിയ പ്രസ്താവന.
കഴിഞ്ഞ ചൊവ്വാഴ്ച, സുപ്രീം നേതാവിനെ തിരഞ്ഞെടുക്കാൻ ഭരണഘടനാപരമായി ചുമതലപ്പെടുത്തിയിരിക്കുന്ന ഇറാനിലെ വിദഗ്ദ്ധരുടെ അസംബ്ലിയുടെ യോഗത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം കൃത്യമായ ആക്രമണം നടത്തിയതായി ഇസ്രായേൽ വൃത്തങ്ങൾ വെളിപ്പെടുത്തി.
അലി ഖമേനിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ നിന്ന് അസംബ്ലിയെ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ആക്രമണം എന്ന് ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. എന്നാൽ, അത്തരം എല്ലാ ഭീഷണികളെയും തള്ളിക്കളയുകയും പുതിയ സുപ്രീം നേതാവിനെ തിരഞ്ഞെടുക്കുകയുമായിരുന്നു ഇറാൻ.
മുജ്‌തബയെ തിരഞ്ഞെടുത്തതിൽ താൻ സംതൃപ്തനല്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ട്രംപും പ്രതികരിച്ചിരുന്നു. താൻ കൂടി അംഗീകരിക്കുന്ന ആളായിരിക്കണം ഇറാന്റെ സുപ്രീം നേതാവെന്ന് ആവശ്യപ്പെട്ട ട്രംപ് "തന്റെ അംഗീകാരമില്ലെങ്കിൽ പുതിയ നേതാവ് അധികകാലം നിലനിൽക്കില്ല" എന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us