/sathyam/media/media_files/2025/09/10/untitled-2025-09-10-15-04-58.jpg)
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം. ദോഹയിലെ ഒരു ജനവാസ മേഖലയില്‍ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രസ്താവന വന്നത്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള യുഎസ് പിന്തുണയുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഖത്തര്‍ ഒരു പ്രധാന മധ്യസ്ഥനായിരുന്നു.
എന്നാല്‍ അമേരിക്കയുടെ ഈ വാദം ഖത്തര്‍ നിഷേധിച്ചു. ആക്രമണവിവരം നേരത്തെ അറിഞ്ഞിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
മുന്‍കൂട്ടി അറിയിച്ചെന്ന പ്രചാരണം ശരിയല്ല. ദോഹയില്‍ സ്‌ഫോടനശബ്ദങ്ങള്‍ ഉയര്‍ന്നശേഷം ആണ് അമേരിക്കന്‍ സന്ദേശം എത്തിയതെന്നും ഖത്തര്‍ പറഞ്ഞു.
ആക്രമണത്തെക്കുറിച്ച് യുഎസിനെ അറിയിച്ചതായി വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ഖത്തര്‍ തലസ്ഥാനമായ ദോഹയുടെ ഒരു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹമാസിനെതിരെ ഇസ്രായേല്‍ ആക്രമണം നടത്തുന്നുണ്ടെന്ന് അമേരിക്കന്‍ സൈന്യം ട്രംപ് ഭരണകൂടത്തെ അറിയിച്ചു'കരോലിന്‍ ലീവിറ്റ് പറഞ്ഞു.