ഗാസ: കൗമാരക്കാരിയായ ഇസ്രായേല്‍ സൈനികയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. 2023 ഒക്ടോബര്‍ 7 ന് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ബന്ദികളാക്കിയ 19 കാരിയായ ഇസ്രായേലി സൈനിക ലിറി അല്‍ബാഗിന്റെ വീഡിയോ ആണ് ഹമാസ് പുറത്തുവിട്ടത്.
ഫലസ്തീന്‍ എന്‍ക്ലേവില്‍ നിന്ന് ആയിരക്കണക്കിന് ഹമാസ് ഭീകരര്‍ ഇസ്രായേലിലേക്ക് ഇരച്ചുകയറുമ്പോള്‍ ഗാസ അതിര്‍ത്തിക്കടുത്തുള്ള നഹല്‍ ഓസ് സൈനിക താവളത്തില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു ഇസ്രായേല്‍ പ്രതിരോധ സേനയില്‍ അംഗമായ ലിറി അല്‍ബാഗ്
ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ കൗമാരക്കാരിയെയും മറ്റ് ആറ് പേരെയും സംഘം തട്ടിക്കൊണ്ടുപോയതായി ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
450 ദിവസത്തിലധികമായി താന്‍ തടങ്കലില്‍ കഴിയുകയാണെന്നും തന്നെയും മറ്റ് ബന്ദികളേയും ഇസ്രായേല്‍ സര്‍ക്കാര്‍ മറന്നുവെന്നും അല്‍ബാഗ് പറഞ്ഞു.
എനിക്ക് 19 വയസ്സേ ആയിട്ടുള്ളൂ. എന്റെ മുഴുവന്‍ ജീവിതവും എന്റെ മുന്നിലുണ്ട്, എന്നാല്‍ ഇപ്പോള്‍ എന്റെ ജീവിതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ലിറി പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയ ആറ് സൈനികരില്‍ ഒരാളെ പിന്നീട് രക്ഷപ്പെടുത്തി. മറ്റൊരാളെ തടവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അല്‍ബാഗും മറ്റ് നാല് പേരും ഇപ്പോഴും ബന്ദികളാണ്.
പുറത്തു വന്ന വീഡിയോ തങ്ങളുടെ ഹൃദയം കീറിമുറിച്ചുവെന്ന് ആല്‍ബാഗിന്റെ കുടുംബം പറഞ്ഞു. ഇത് ഞങ്ങള്‍ക്ക് അറിയാവുന്ന ഞങ്ങളുടെ മകളും സഹോദരിയുമല്ല. അവളുടെ കടുത്ത മാനസിക പിരിമുറുക്കം വാക്കുകളില്‍ വ്യക്തമാണെന്ന് കുടുംബം പറഞ്ഞു
മകളുടെ സുരക്ഷിതമായ മോചനം ഉറപ്പാക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് അവര്‍ അഭ്യര്‍ത്ഥിച്ചു.
ബന്ദികളെ നിങ്ങളുടെ സ്വന്തം മക്കളെപ്പോലെ കണ്ട് തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.