രണ്ട് വര്‍ഷത്തിനിടെ ഇസ്രയേല്‍ ജയിലില്‍ മരിച്ചത് 94ഓളം പലസ്തീനികള്‍ : ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ മനുഷ്യാവകാശ സംഘടന

തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ഇടങ്ങളിലേക്കുള്ള ഇടപെടലടക്കം ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണ്

New Update
israel flag

ജറുസലേം: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇസ്രയേല്‍ കസ്റ്റഡിയില്‍ മരിച്ചത് തൊണ്ണൂറ്റിനാലോളം പലസ്തീനികളെന്ന് ഇസ്രയേല്‍ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്. 

Advertisment

ഇതില്‍ തടവുകാരും ബന്ദികളും ഉള്‍പ്പെടുമെന്ന് ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇസ്രയേല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയ 2023 ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രയേലിന്‍റെ ശക്തമായ ആക്രമണം നടന്ന 2025 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 

പത്തുവര്‍ഷത്തിന് മുമ്പ് ഇസ്രയേല്‍ കസ്റ്റഡിയില്‍ മരണമടഞ്ഞത് 30ഓളം പലസ്തീനികളാണെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 അതേസമയം നിയമാനുസൃതമായി മാത്രമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇസ്രയേല്‍ പ്രിസണ്‍ സര്‍വീസ് പറയുന്നത്. ഇസ്രയേല്‍ ജയിലുകളില്‍ വ്യവസ്ഥാപിതമായ കൊലപാതകങ്ങളും മറച്ചുവെക്കലുകളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം. മറ്റുള്ളവരുടെ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നാണ് ഇസ്രയേല്‍ പ്രിസണ്‍ സര്‍വീസിന്റെ പ്രതികരണം.

jail 12

നിയമാനുസൃതമായാണ് എല്ലാ ജയില്‍പുള്ളികളെയും പാര്‍പ്പിച്ചിരിക്കുന്നത്. അവര്‍ക്ക് അര്‍ഹതപ്പെട്ട ആരോഗ്യ സംരക്ഷണം, വൃത്തി, മതിയായ മറ്റ് ജീവിത സാഹചര്യങ്ങള്‍ എന്നിവ കൃത്യമായി സ്റ്റാഫുകള്‍ നടപ്പാക്കുന്നുണ്ടെന്നും ഇസ്രയേല്‍ ജയില്‍ അധികൃതര്‍  പ്രതികരിച്ചു. 

മതിയായ കുറ്റങ്ങളൊന്നും ചുമത്താതെ ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും നിരവധി പേരെ ഇസ്രയേല്‍ തടവിലാക്കിയിരുന്നു. സുരക്ഷാ തടവുകാര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി തടവിലാക്കപ്പെട്ട പലസ്തീനികള്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇസ്രയേല്‍ ആരോപിക്കുന്നു. 

തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ഇടങ്ങളിലേക്കുള്ള ഇടപെടലടക്കം ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണ്. മാത്രമല്ല കസ്റ്റഡിയിലുള്ള പലസ്തീനികളെ കുറിച്ചുള്ള വിവരങ്ങള്‍ റെഡ് ക്രോസിന് അടക്കം നല്‍കുന്ന നടപടിയും ഇസ്രയേല്‍ അധികൃതര്‍ അവസാനിപ്പിച്ചിട്ടുണ്ട്.

Advertisment