/sathyam/media/media_files/2026/02/27/untitled-2026-02-27-10-10-41.jpg)
സിംഗപ്പൂര്‍: പോലീസ് ഉദ്യോഗസ്ഥനാണെന്ന് നടിച്ച് വീട്ടുജോലിക്കാരിയെ കബളിപ്പിക്കുകയും ട്രെയിന്‍ സ്റ്റേഷന് സമീപം വെച്ച് പീഡിപ്പിക്കുകയും ചെയ്ത മലേഷ്യന്‍ സ്വദേശിയായ ഇന്ത്യന്‍ വംശജന് സിംഗപ്പൂര്‍ കോടതി 12 വര്‍ഷം തടവും 12 ചൂരലടിയും ശിക്ഷ വിധിച്ചു.
48 വയസ്സുകാരനായ ഷര്‍വീന്‍ ചെട്ടിയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2022 ജൂലൈ 11-ന് രാത്രി 8 മണിയോടെ സിംഗപ്പൂരിലെ ലിറ്റില്‍ ഇന്ത്യ മെട്രോ സ്റ്റേഷന് പുറത്തുവെച്ചായിരുന്നു സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന 35 വയസ്സുകാരിയായ ഇന്‍ഡോനേഷ്യന്‍ യുവതിയെ താന്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് ഷര്‍വീന്‍ തന്ത്രപൂര്‍വ്വം മാറ്റിനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷന് പുറത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു.
യുവതിയോട് തനിക്ക് ലൈംഗികാകര്‍ഷണം തോന്നിയതായും അതുകൊണ്ടാണ് തട്ടിക്കൊണ്ടുപോയതെന്നും ഷര്‍വീന്‍ സമ്മതിച്ചു.
ഫെബ്രുവരി 3-ന് ആരംഭിച്ച വിചാരണയുടെ തുടക്കത്തില്‍ ഷര്‍വീന്‍ കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍ വിചാരണയുടെ രണ്ടാം ദിവസം അയാള്‍ കുറ്റസമ്മതം നടത്തി. ഇരയായ യുവതിയും സുഹൃത്തുക്കളും കോടതിയില്‍ വന്ന് ക്രോസ് വിസ്താരത്തിന് വിധേയരാകേണ്ടി വരുന്നത് ഒഴിവാക്കാന്‍ ഷര്‍വീന്റെ കുറ്റസമ്മതം സഹായിച്ചതായി ജസ്റ്റിസ് ദീദാര്‍ സിംഗ് ഗില്‍ നിരീക്ഷിച്ചു.
എങ്കിലും, പ്രാദേശിക നിയമങ്ങളെക്കുറിച്ച് അറിവില്ലാത്ത ഒരു വിദേശ വനിതയെ ലക്ഷ്യം വെച്ച് ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്ന് കോടതി വിലയിരുത്തി. പീഡനത്തിന് പുറമെ രണ്ടാമതൊരു പീഡനശ്രമം, പോലീസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തല്‍ എന്നീ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു.
പ്രതിയുടെ വേഷംമാറാനുള്ള ശ്രമങ്ങളെയും സംഘത്തില്‍ നിന്ന് യുവതിയെ ഒറ്റപ്പെടുത്തി കൊണ്ടുപോയ ക്രൂരതയെയും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 11 മുതല്‍ 13 വര്‍ഷം വരെ തടവും ചൂരലടിയും വേണമെന്ന പ്രോസിക്യൂഷന്‍ വാദം ഭാഗികമായി അംഗീകരിച്ചാണ് 12 വര്‍ഷം തടവിനും 12 ചൂരലടിയും കോടതി ശിക്ഷ വിധിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us