/sathyam/media/media_files/2026/02/18/untitled-2026-02-18-09-02-53.jpg)
ഡല്‍ഹി: ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, മധ്യേഷ്യയില്‍ വന്‍തോതില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച് അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50-ലധികം അത്യാധുനിക യുദ്ധവിമാനങ്ങളാണ് മേഖലയിലേക്ക് നിയോഗിച്ചിരിക്കുന്നത്. നയതന്ത്ര ചര്‍ച്ചകള്‍ക്കൊപ്പം തന്നെ സൈനിക സജ്ജീകരണങ്ങളും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
അമേരിക്കയുടെ കരുത്തുറ്റ യുദ്ധവിമാനങ്ങളായ F-22, F-35, F-16 എന്നിവയും ഇവയ്ക്ക് ഇന്ധനം നിറയ്ക്കാനുള്ള ടാങ്കര്‍ വിമാനങ്ങളുമാണ് മേഖലയിലേക്ക് തിരിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ സുദീര്‍ഘമായ ദൗത്യങ്ങള്‍ക്കായി സൈന്യം തയ്യാറെടുക്കുന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് എന്ന വിമാനവാഹിനിക്കപ്പലും അതിന്റെ അകമ്പടി സേവിക്കുന്ന മൂന്ന് മിസൈല്‍ വിനാശിനി കപ്പലുകളും നിലവില്‍ മധ്യേഷ്യ ലക്ഷ്യമാക്കി നീങ്ങുകയാണ്. നിലവില്‍ ഇവ അറ്റ്ലാന്റിക് സമുദ്രത്തിലാണുള്ളത്.
യുദ്ധവിമാനങ്ങള്‍ വിന്യസിക്കുമ്പോഴും ജനീവയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷമായ ആണവ ചര്‍ച്ചകള്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ട്രംപിന്റെ പ്രതിനിധികളായ ജാരെദ് കുഷ്‌നര്‍, സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും ഇറാനിയന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചര്‍ച്ചകള്‍ 'ഗൗരവമേറിയതും ക്രിയാത്മകവും പോസിറ്റീവും' ആണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ചില അടിസ്ഥാന തത്വങ്ങളില്‍ ധാരണയിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയും ചര്‍ച്ചകളില്‍ നല്ല പുരോഗതിയുണ്ടെന്ന് സ്ഥിരീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us